കോട്ടയം : അയൽവീട്ടിൽ സിസിടിവി കാമറ സ്ഥാപിക്കുന്നത് സംബന്ധിച്ചുണ്ടായ സംഘർഷത്തിൽ വീട്ടമ്മ മരിച്ചു. മണർകാട് കുന്നുംപുറത്ത് മാളിയേക്കൽ വീട്ടിൽ ശാന്തകുമാരിയാണ് (65) മരിച്ചത്. ചൊവ്വ വൈകിട്ട് നാലോടെയാണ് സംഭവം. അയൽവാസിയായ കുഴിപ്പുരയിടം തളത്തിപ്പറമ്പിൽ കുഞ്ഞുമോളുടെ വീട്ടിൽ സിസിടിവി കാമറ സ്ഥാപിക്കുന്നത് ശാന്തകുമാരിയും കുടുംബവും ചോദ്യംചെയ്തിരുന്നു. ഈ തർക്കമാണ് പിന്നീട് സംഘർഷത്തിൽ കലാശിച്ചത്.
അയൽ വീട്ടിൽ സിസിടിവി ക്യാമറ സ്ഥാപിച്ചാൽ തങ്ങളുടെ ദൃശ്യങ്ങൾ പതിയുമെന്ന കാരണം ഉന്നയിച്ചായിരുന്നു തർക്കം. ശാന്തകുമാരിയും മകൾ അനശ്വരയും കൊച്ചുമക്കളും സ്ഥലത്തെത്തി അയൽക്കാരിയായ കുഞ്ഞുമോളും മകളുടെ ഭർത്താവ് എബിയുമായി തർക്കത്തിലായി. തുടർന്നുണ്ടായ സംഘർഷമാണ് മരണത്തിൽ കലാശിച്ചത്. സംഘർഷത്തിനിടെ തലക്ക് പരിക്കേറ്റ ശാന്തകുമാരിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞുമോളുടെ മകളുടെ ഭർത്താവ് വെള്ളൂർ സ്വദേശി എബി ജോർജിനെ മണർകാട് പൊലീസ് കസ്റ്റഡിയിലെടുത്തു. വഴിയടക്കമുള്ള കാര്യങ്ങളുടെ പേരിൽ ഇരുകുടുംബങ്ങളും തമ്മിൽ മുമ്പും തർക്കം നിലനിന്നിരുന്നതായി അയൽക്കാർ പറയുന്നു.














































