മുംബൈ: വാങ്കഡെ സ്റ്റേഡിയത്തിൽ നീലക്കടലിനെ സാക്ഷിയാക്കി 13 വർഷത്തെ ആ ദുഷ്പേര് മുംബൈ ഇന്ത്യൻസ് മറികടന്നു. ഐപിഎലിലെ ആദ്യ മത്സരം തോറ്റു തുടങ്ങുന്ന ടീമെന്ന പേരാണ് ഇന്നത്തോടുകൂടി ഹാർദിക്കും കൂട്ടരും മാറ്റിയെഴുതിയത്. ഇതോടെ കൊൽക്കത്തയ്ക്കെതിരെ ആറു വിക്കറ്റിന്റെ മിന്നും ജയം. കൊൽക്കത്ത ഉയർത്തിയ 221 റൺസ് വിജയലക്ഷ്യം 19.1 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ മറികടന്നത്. 2012 സീസണിനു ശേഷം ആദ്യമായാണ് മുംബൈ, ഐപിഎലിലെ തങ്ങളുടെ ആദ്യം മത്സരം ജയിക്കുന്നത്. 38 പന്തിൽ ആറ് സിക്സറുകളും അത്രതന്നെ ഫോറുകളുമായി അർധസെഞ്ചുറി നേടിയ രോഹിത് ശർമ (78), റയാൻ റിക്കൽറ്റൻ (43 പന്തിൽ 81) എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് മുംബൈയ്ക്ക് വിജയം സമ്മനിച്ചത്.
മറുപടി ബാറ്റിങ്ങിൽ, ഓപ്പണർമാരായ രോഹിത്തും റിക്കൽറ്റനും ചേർന്ന് മിന്നും തുടക്കമാണ് മുംബൈയ്ക്കു നൽകിയത്. ആദ്യ ഓവർ മുതൽ ഇരുവരും കൊൽക്കത്ത ബോളർമാരെ തലങ്ങും വിലങ്ങും പ്രഹരിക്കാൻ തുടങ്ങിയതോടെ മുംബൈ സ്കോർ കുതിച്ചു. പവർപ്ലേ അവസാനിക്കുമ്പോൾ സ്കോർ വിക്കറ്റ് നഷ്ടമില്ലാതെ 80ൽ എത്തി. പവർപ്ലേയിൽ തന്നെ അർധസെഞ്ചുറി നേടിയ രോഹിത് ഐപിഎൽ കരിയറിലെ അമ്പതാം അർധസെഞ്ചുറിയാണ് തികച്ചത്. അതും വെറും 23 പന്തിൽ. രോഹിത്തിന്റെ വേഗമേറിയ ഐപിഎൽ ഫിഫ്റ്റിയാണിത്. 2015 ഐപിഎൽ ഫൈനലിൽ ചെന്നൈയ്ക്കെതിരെ 25 പന്തിൽ നേടിയതായിരുന്നു ഇതിനു മുൻപുള്ള വേഗമേറിയ അർധസെഞ്ചുറി.
രോഹിത്തും റിക്കൽറ്റനും മത്സരിച്ച് സിക്സർ പായിച്ചതോടെ ഒൻപതാം ഓവറിൽ മുംബൈ സ്കോർ 100 കടന്നു. 12–ാം ഓവറിൽ രോഹിത്തിനെ വീഴ്ത്തി വൈഭവ് അറോറയാണ് കൂട്ടുകെട്ട് പൊളിച്ചത്. അപ്പോഴേയ്ക്കും സ്കോർ 148ൽ എത്തി. ഐപിഎലിൽ മുംബൈയുടെ ഏറ്റവും വലിയ നാലാമത്തെ കൂട്ടുകെട്ടാണിത്. ആറു സിക്സും ആറു ഫോറുമാണ് രോഹിത്തിന്റെ ബാറ്റിൽനിന്നു പിറന്നത്. പിന്നാലെയെത്തിയത് ‘ഇംപാക്ട്’ പ്ലെയറായ സൂര്യകുമാർ യാദവ് നേരിട്ട ആദ്യ പന്തിൽ തന്നെ ഫോറടിച്ച് തുടങ്ങി. 8 പന്തിൽ 16 റൺസെടുത്ത സൂര്യയെ കാർത്തിക് ത്യാഗി 15–ാം ഓവറിൽ പുറത്താക്കി. തൊട്ടടുത്ത ഓവറിൽ റിക്കൽറ്റനെ ബ്ലെസിങ് മുസറാബിനിയും വീഴ്ത്തി. പിന്നാലെ നാലാം വിക്കറ്റിൽ ഒന്നിച്ച തിലക് വർമ– ഹാർദിക് പാണ്ഡ്യ സഖ്യം മുംബൈ വിജയത്തിലേക്ക് നയിച്ചു. 14 പന്തിൽ 20 റൺസെടുത്ത തിലക്, വിജയത്തിന് തൊട്ടടുത്ത് പുറത്തായെങ്കിലും പിന്നീടെത്തിയ നമൻ ധിറും ഹാർദിക്കും ചേർന്ന് മുംബൈ വിജയത്തിലെത്തിച്ചു.
ആദ്യം ബാറ്റു ചെയ്ത കൊൽക്കത്ത നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 220 റൺസെടുത്തു. ക്യാപ്റ്റൻ അജിൻക്യ രഹാനെ, (40 പന്തിൽ 67), അംഗ്ക്രിഷ് രഘുവംശി (29 പന്തിർ 51) എന്നിവരുടെ അർധസെഞ്ചുറിയും ഫിൻ അലൻ (17 പന്തിൽ 37), റിങ്കു സിങ് (21 പന്തിൽ 33*) എന്നിവരുടെ ബാറ്റിങ്ങുമാണ് കൊൽക്കത്തയെ മികച്ച സ്കോറിലെത്തിച്ചത്.






