തിരുവനന്തപുരം: കേരളത്തിൽ മിസ്സിംഗ് കേസുകളുടെ എണ്ണം ഓരോ വർഷവും ക്രമാനുഗതമായി വർദ്ധിച്ചുവരുന്നതായി കേരള പൊലീസിന്റെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. കേരളാ പൊലീസിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കണക്കുകളനുസരിച്ച് 2020 മുതൽ 2024 വരെയുള്ള കാലയളവിൽ രജിസ്റ്റർ ചെയ്ത മിസ്സിംഗ് കേസുകളുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. 2020 ൽ 8,700 ഓളം കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്ത്, 2024 ആയപ്പോഴേക്കും ഇത് 12,000 ത്തിന് അടുത്തേക്ക് ഉയർന്നു. 11,897 പേരുടെ മിസിങ് കേസുകളാണ് 2024 ൽ രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.
2021-ൽ 9,500 ന് മുകളിൽ മിസിങ് കേസുകൾ രേഖപ്പെടുത്തിയപ്പോൾ, തുടർന്നുള്ള വർഷങ്ങളിൽ ഇത് പതിനായിരവും കടന്ന് മുന്നോട്ട് പോകുകയായിരുന്നു. 2022ൽ ഏകദേശം 11,259 കേസുകളും 2023-ൽ 11,760 കേസുകളുമാണ് രജിസ്റ്റർ ചെയ്തത്. എന്നാൽ 2025-ൽ മിസിങ് കേസുകളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 11,139 കേസുകളാണ് 2025ൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. സാമൂഹികവും സാമ്പത്തികവുമായ കാരണങ്ങൾക്ക് പുറമെ, ലഹരി ഉപയോഗം, പ്രണയ ബന്ധങ്ങൾ, കുടുംബ പ്രശ്നങ്ങൾ എന്നിവ ഇത്തരം തിരോധാനങ്ങൾക്ക് പിന്നിലെ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. 2026 ൽ ഇതുവരെ 891 കേസുകൾ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.റിപ്പോർട്ട് ചെയ്ത് എഫ് ഐ ആർ രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളാണ് കേരളാ പൊലീസിന്റെ സൈറ്റിൽ ലഭ്യമായത്. ഇതിൽ പരിഹരിക്കപ്പെട്ടതും തിരിച്ചുവന്നതുമായ കേസുകളുടെ കണക്കുകൾ ലഭ്യമല്ല.


















































