ഇസ്ലാമാബാദ്: ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെ പാക്കിസ്ഥാൻ എംബസിക്ക് സമീപം ഇസ്രയേൽ- യുഎസ് ആക്രമണം നടന്നതായുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെ, ഇസ്രയേലിന് ശക്തമായ മുന്നറിയിപ്പുമായി പാക്കിസ്ഥാൻ. ഇറാനിലോ മറ്റെവിടെയെങ്കിലുമോ ഉള്ള തങ്ങളുടെ ഉദ്യോഗസ്ഥർക്ക് നേരെ ഏതെങ്കിലും തരത്തിലുള്ള ഭീഷണി ഉണ്ടായാൽ അത് കടുത്ത രീതിയിലുള്ള പ്രതികരണത്തിന് വഴിവെക്കുമെന്ന് പാക്കിസ്ഥാൻ മുന്നറിയിപ്പ് നൽതി
‘ഒരു കാര്യം ഇസ്രയേൽ ഓർക്കുന്നത് നന്നായിരിക്കും, പാക്കിസ്ഥാൻ ഖത്തറല്ല. ലോകത്തെവിടെയെങ്കിലും ഞങ്ങളുടെ നയതന്ത്രജ്ഞർക്ക് എന്തെങ്കിലും ദോഷം സംഭവിച്ചാൽ ഞങ്ങൾ അവരെ തകർത്തുതരിപ്പണമാക്കും.’ ഗവൺമെന്റ് അഫിലിയേറ്റഡ് പാക്കിസ്ഥാൻ സ്ട്രാറ്റജിക് ഫോറത്തിൽ നിന്നുള്ള പ്രസ്താവനയിൽ വ്യക്തമാക്കി.
അതേസമയം വ്യാഴാഴ്ച ടെഹ്റാനിൽ ഇസ്രയേലും അമേരിക്കയും നടത്തിയ പുതിയ വ്യോമാക്രമണങ്ങൾക്ക് പിന്നാലെയാണ് പാക്കിസ്ഥാന്റെ ഭീഷണി. ടെഹ്‌റാനിലെ പാക് അംബാസഡറുടെ വസതിക്കും പാക് എംബസിക്കും സമീപമുള്ള പ്രദേശങ്ങളിൽ നടന്ന ആക്രമണങ്ങൾ പാക്കിസ്ഥാനെ ചൊടിപ്പിച്ചു. ഇതോടെയാണ് പ്രതികരണവുമായി എത്തിയത്. ആക്രമണത്തിൽ എംബസി കോമ്പൗണ്ടിനോ പാക്കിസ്ഥാന്റെ നയതന്ത്ര ഉദ്യോഗസ്ഥർക്കോ, പരുക്കേറ്റിട്ടില്ലെന്ന് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നു.എന്നാൽ സ്‌ഫോടനത്തെത്തുടർന്ന് ഇതിന് അടുത്തുള്ള പല കെട്ടിടങ്ങളും ശക്തമായി കുലുങ്ങിയതായും റിപ്പോർട്ടുകളുണ്ട്.
ഇതിനിടെ വ്യാഴാഴ്ച ടെഹ്റാൻ, കാഷാൻ, ആബാദാൻ എന്നിവിടങ്ങളിൽ ഒന്നിലധികം വ്യോമാക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യുഎസും ഇറാനും തമ്മിലുള്ള ചർച്ചകൾക്ക് ഇസ്ലാമാബാദ് സൗകര്യമൊരുക്കാൻ ശ്രമിക്കുന്ന വേളയിലാണ് ഈ ആക്രമണങ്ങൾ നടന്നിരിക്കുന്നത്. ഇരുപക്ഷവും ആഗ്രഹിക്കുന്നുണ്ടെങ്കിൽ അമേരിക്കയ്ക്കും ഇറാനും ഇടയിലുള്ള ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കാൻ തയ്യാറാണെന്ന് പാക് ഉദ്യോഗസ്ഥർ പരസ്യമായി പ്രസ്താവിച്ചിട്ടുണ്ട്. അതേസമയം ഇറാന് ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള സമയപരിധി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യാഴാഴ്ച വീണ്ടും നീട്ടി. പുതിയ സമയപരിധി ഏപ്രിൽ ആറ് ആണ്. അതേസമയം ഹോർമുസ് കടലിടുക്ക് സൗഹൃദ രാജ്യങ്ങൾക്കായി തുറന്നിട്ടിരിക്കുകയാണെന്ന് ഇറാൻ അവകാശപ്പെട്ടു.
ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ പവർ പ്ലാന്റുകൾക്ക് നേരെ ശക്തമായ ആക്രമണം നേരിടേണ്ടി വരുമെന്ന് ട്രംപ് വീണ്ടും മുന്നറിയിപ്പ് നൽകിയിരുന്നു. ‘ചർച്ചകൾ നടക്കുന്നുണ്ട്, വ്യാജ വാർത്താ മാധ്യമങ്ങളുടെ പ്രസ്താവനകൾക്ക് വിപരീതമായി ചർച്ചകൾ നന്നായി നടക്കുന്നു.’ എന്നാണ് വ്യാഴാഴ്ച ട്രംപ് തന്റെ സാമൂഹിമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. എന്നാൽ വാഷിങ്ടണുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ ഇറാൻ വീണ്ടും തള്ളിക്കളഞ്ഞ് രംഗത്തെത്തി.
















































