വാഷിംഗ്ടൺ: യുഎസ്-ഇറാൻ- ഇസ്രായേൽ ആക്രമണങ്ങളെ തുടർന്ന് അടച്ചിട്ടിരിക്കുന്ന നിർണായക ജലപാതയായ ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് ഇറാൻ അമേരിക്കയ്ക്ക് “വലിയ തുകയുടെ” ഒരു “സമ്മാനം” നൽകിയിട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . ആഗോള എണ്ണ, വാതക വിലകൾ കുതിച്ചുയരാൻ കാരണമായ ഈ സമ്മാനം ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ടതല്ലെന്നും “എണ്ണ, വാതക” വുമായി ബന്ധപ്പെട്ടതാണെന്നും യുഎസ്റ പ്രസിഡന്റ് പറഞ്ഞു . അതേസമയം, അത് എന്താണെന്ന് അദ്ദേഹം കൃത്യമായി വ്യക്തമാക്കിയിട്ടില്ല.
ഇറാനിലെ വൈദ്യുത നിലയങ്ങളെ ആക്രമിക്കുമെന്ന ഭീഷണി അമേരിക്കൻ പ്രസിഡന്റ് അഞ്ച് ദിവസത്തേക്ക് മാറ്റിവച്ച്, യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഒരു കരാറിനായി ഇറാനുമായുള്ള ചർച്ചകളുടെ മേശയിലേക്ക് മടങ്ങാൻ തീരുമാനിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനിടെയാണ് ഇത്തരമൊരു നീഗൂഢ പരാമർശം ട്രംപ് നടത്തിയത്.
“ഇന്നലെ അവർ അത്ഭുതകരമായ ഒരു കാര്യം ചെയ്തു, യഥാർത്ഥത്തിൽ. അവർ ഞങ്ങൾക്ക് ഒരു സമ്മാനം തന്നു, സമ്മാനം ഇന്ന് എത്തി. അത് വളരെ വലിയ ഒരു സമ്മാനമായിരുന്നു, വളരെ വലിയ തുക വിലമതിക്കുന്നതായിരുന്നു. ആ സമ്മാനം എന്താണെന്ന് ഞാൻ നിങ്ങളോട് പറയാൻ പോകുന്നില്ല, പക്ഷേ അത് വളരെ പ്രധാനപ്പെട്ട ഒരു സമ്മാനമായിരുന്നു,” വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു.
“അതിൽ നിന്നും എനിക്ക് ഒരു കാര്യം മനസ്സിലായി – നമ്മൾ ശരിയായ ആളുകളുമായി ഇടപെടുന്നു”; ട്രംപ് കൂട്ടിച്ചേർത്തു.
ആഗോള എണ്ണ വിതരണത്തിന്റെ ഏകദേശം അഞ്ചിലൊന്ന് കടന്നുപോകുന്ന ഒരു പ്രധാന എണ്ണ ഷിപ്പിംഗ് ചാനലായ ഹോർമുസ് കടലിടുക്കുമായി ഇത് ബന്ധപ്പെട്ടതാണോ എന്ന ചോദ്യത്തിന്, ട്രംപ് അനുകൂലമായി മറുപടി നൽകി. “അത് ഒഴുക്കുമായും കടലിടുക്കുമായും ബന്ധപ്പെട്ടതാണ്” അദ്ദേഹം പറഞ്ഞു. ഇറാന്റെ നിലവിലെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ടതല്ലെന്ന് യുഎസ് പ്രസിഡന്റ് ഊന്നിപ്പറഞ്ഞു.
ഒന്നും തെളിച്ചുപറയാതെ ഇത്തരമൊരു പരമർശം നടത്തിയത് എന്തർത്ഥിലാണെന്നത് വ്യക്തമല്ല. പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ ഇസ്ലാമാബാദിൽ വച്ചു നടത്തുന്ന യുഎസ്- ഇറാൻ ചർച്ചകളെ സംബന്ധിച്ച് ഒരു കാര്യവും ട്രംപ് പറഞ്ഞില്ലയെന്നതും ശ്രദ്ധേയം.















































