കോഴിക്കോട്: വടകര സ്വദേശിയായ യുവാവിന് ട്രെയിൻ യാത്രയ്ക്കിടെ ലഹരി ബിസ്കറ്റ് നൽകി മയക്കി സ്വർണവും ലാപ്ടോപ്പും ഉൾപ്പെടെ രണ്ടു ലക്ഷത്തോളം രൂപയുടെ ബാഗ് കവർച്ച ചെയ്ത സംഭവത്തിൽ 3 പ്രതികൾ അറസ്റ്റിലായത് റെയിൽവേ പൊലീസും ആർപിഎഫും സംയുക്തമായി പ്രത്യേക സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിൽ. ബിഹാർ ആരാറിയ സ്വദേശികളായ അബ്ദുല്ല റജാക്ക് (34), മുഹമ്മദ് മഹമൂദ് ആലം (25), മുഹമ്മദ് സഫർ (40) എന്നിവരെയാണ് പിടികൂടിയത്. പ്രതികളിൽ നിന്നു സ്വർണവും പണവും മറ്റു വസ്തുക്കളും പൊലീസ് കണ്ടെടുത്തു. കവർച്ച നടന്ന് 24 മണിക്കൂറിനകം കോഴിക്കോട്ടു നിന്നാണ് പ്രതികളെ പിടികൂടിയതെന്ന് അന്വേഷണ സംഘം പറഞ്ഞു.
മലബാർ എക്സ്പ്രസിൽ എസ്4 കംപാർട്മെന്റിൽ മംഗളൂരുവിൽ നിന്നു വടകരയിലേക്കു യാത്ര ചെയ്ത വടകര പുതുപ്പണം സ്വദേശി വി.പി.സരിന്റെ പണവും ബാഗുമാണ് കവർന്നത്. വെള്ളിയാഴ്ച രാത്രി 8 മണിയോടെയാണു സംഭവം. മംഗളൂരുവിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിയുള്ള സരിൻ വടകരയിലേക്ക് ട്രെയിനിൽ വരവേ അടുത്ത സീറ്റിൽ സഞ്ചരിച്ച 3 അംഗ സംഘം പരിചയപ്പെട്ടു. തുടർന്ന് സൗഹൃദം നടിച്ച് സംഘം ട്രെയിൻ കുമ്പളയിലെത്തിയപ്പോൾ ബിസ്കറ്റ് നൽകുകയായിരുന്നു. ഉറങ്ങിപ്പോയ സരിനു വടകരയിൽ ഇറങ്ങാൻ കഴിഞ്ഞില്ല. ട്രെയിൻ ഫറോക്കിൽ എത്തിയപ്പോൾ സീറ്റ് ബുക്ക് ചെയ്ത മറ്റൊരാൾ കയറിയതിനെത്തുടർന്ന് സരിനെ ഫറോക്ക് സ്റ്റേഷനിൽ ഇറക്കി. എന്നാൽ ബാഗും മറ്റു വസ്തുക്കളും സീറ്റിൽ ഇല്ലായിരുന്നു എന്ന് സരിൻ പൊലീസിനു മൊഴി നൽകി. പിന്നീട് ഓർമക്കുറവുകൊണ്ട് ഫറോക്കിൽ നിന്നു മറ്റൊരു ട്രെയിനിൽ മാറിക്കയറിയ സരിൻ പുലർച്ചെ തിരൂരിൽ എത്തി. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതായി പൊലീസ് പറഞ്ഞു.
പിന്നീട് ശനിയാഴ്ച രാവിലെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഫറോക്കിൽ ഇറങ്ങിയപ്പോൾ ബാഗ് നഷ്ടപ്പെട്ടെന്ന് സരിൻ പൊലീസിനെ അറിയിച്ചിരുന്നു. ഇതേ തുടർന്ന് പൊലീസ് പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയാണ് സരിനിൽ നിന്നു മൊഴി എടുത്തത്. തുടർന്ന് റെയിൽവേ പൊലീസും ആർപിഎഫും സംയുക്തമായി പ്രത്യേക സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. സംഭവത്തിനു ശേഷം രാത്രി പ്രതികൾ കോഴിക്കോട്ട് ഇറങ്ങി ലോഡ്‌ജിൽ താമസിച്ചു. തുടർന്ന് മറ്റു ട്രെയിനിൽ കയറി കറങ്ങി നടക്കുകയും ചെയ്യുന്നതിനിടെയാണ് സംയുക്ത സ്ക്വാഡ് അറസ്റ്റ് ചെയ്തത്. പ്രതികൾക്ക് ഇത്തരത്തിൽ മറ്റു കേസുകൾ ഉണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. സംഭവം കുമ്പളയിൽ നടന്നതിനാൽ കേസ് തുടരന്വേഷണത്തിന് കാസർകോട് പൊലീസിനു കൈമാറുമെന്ന് പൊലീസ് പറഞ്ഞു.
കാസർകോട് റെയിൽവേ പൊലീസ് എസ്ഐ സനൽകുമാർ, എഎസ്ഐ സി.കെ.മഹേഷ്, ആർപിഎഫ് പാലക്കാട് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് എഎസ്ഐ കെ.എം.ഷിജു, ഹെഡ് കോൺസ്റ്റബിൾ ഇ.കെ.രാധാകൃഷ്ണൻ, കെ.റിനീത്, ഒ.കെ.അജീഷ്, എം.ബൈജു, എം.അബ്ബാസ്, കെ.രഞ്ജിത്ത്, കോഴിക്കോട് റെയിൽവേ പൊലീസ് ഡാൻസാഫ് അംഗമായ സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.ബി.ജോസ്, സിപിഒ വി.സജികുമാർ, ആർ.സുജിത് എന്നിവരടങ്ങിയ പോലീസ് സംഘമാണ് അന്വേഷണം നടത്തിയത്.















































