പട്ന: എഐ സാങ്കേതികവിദ്യയും ഫോട്ടോ എഡിറ്റിംഗ് ടൂളുകളും ഉപയോഗിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മകനും ജെഡിയു നേതാവുമായ നിഷാന്ത് കുമാറിന്റെയും ബിജെപി യുവ എംഎൽഎയായ മൈഥിലി താക്കൂറിന്റെയും ചിത്രങ്ങള്‍ നിര്‍മ്മിച്ചയാളെ അറസ്റ്റ് ചെയ്തു. ഷാബ്ദൗൺ സ്വദേശിയായ വികാസ് കുമാർ യാദവ് ആണ് (35) അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.
ഫേസ്ബുക്കിലായിരുന്നു നിഷാന്ത് കുമാറിന്റെയും പ്രശസ്ത ഗായിക കൂടിയായ മൈഥിലി താക്കൂറിന്റെയും ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. കഴിഞ്ഞയാഴ്ചയാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെ പൊലീസിനും പരാതി നല്‍കി. തുടര്‍ന്ന് ഫതേഹ്പൂർ പൊലീസ് സൈബര്‍ വിഭാഗത്തിന്‍റെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്ന് ഇന്ത്യന്‍ എക്സ്‍പ്രസ് റിപ്പോര്‍ട്ട് ചെയ്തു. വീട്ടിൽ റെയ്ഡ് ചെയ്ത് ശനിയാഴ്ച വൈകുന്നേരമാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
ചോദ്യം ചെയ്യലിനിടെ പ്രതി കുറ്റം സമ്മതിച്ചു. അറസ്റ്റിനു ശേഷം തന്റെ തെറ്റ് സമ്മതിച്ച് സോഷ്യൽ മീഡിയയിൽ വീഡിയോ അപ്‌ലോഡ് ചെയ്തതായും ഉദ്യോഗസ്ഥർ അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി പ്രതിയുടെ മൊബൈൽ ഫോണും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന് കണ്ടെത്താൻ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വ്യക്തികളെ അപകീർത്തിപ്പെടുത്തുന്നതിനായി ഡിജിറ്റൽ സാങ്കേതികവിദ്യയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ദുരുപയോഗം ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റമാണെന്ന് ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നല്കി.















































