ടി20 ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനെതിരെ 42 പന്തിൽ 89 റൺസിന്റെ വെടിക്കെട്ട് തീർത്തപ്പോൾ മലയാളി താരം സഞ്ജു സാംസൺ സ്വന്തമാക്കിയത് വൻ റെക്കോർഡുകൾ. ടി20 ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളിൽ ഇന്ത്യൻ താരത്തിൻറെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറെന്ന റെക്കോർഡാണ് സഞ്ജു മംബൈയിൽ ഇംഗ്ലണ്ടിനെതിരെ അടിച്ചെടുത്തത്. 2016ൽ ദക്ഷിണാഫ്രിക്കക്കെതിരായ ലോകകപ്പ് സെമിയിൽ വിരാട് കോലി നേടിയ 89 റൺസിൻറെ റെക്കോർഡിനൊപ്പമാണ് സെമി മത്സരത്തിൽ സഞ്ജു എത്തിയത്.
അതുപോലെ വെറും നാലു മത്സരങ്ങളിൽ നിന്ന് 16 സിക്സറുകൾ പറത്തിയും താരം റെക്കോർഡിട്ടു. 2024ലെ ടി20 ലോകകപ്പിൽ 15 സിക്സുകൾ പറത്തിയ മുൻ നായകൻ രോഹിത് ശർമയുടെ റെക്കോർഡാണ് സഞ്ജു പഴങ്കഥയാക്കിയത്. ഈ ലോകകപ്പിൽ 15 സിക്സുകൾ പറത്തിയ ശിവം ദുബെ സഞ്ജുവിന് തൊട്ടുപിന്നിലുണ്ട്. വെറും നാല് ഇന്നിങ്സിൽ 77 ആവറേജിലും 201 സ്ട്രൈക്ക് റേറ്റിലും അടിച്ച 232 റൺസ് സഞ്ജുവിനെ ടൂർണമെന്റിലെ ടോപ് സ്‌കോറർ ലിസ്റ്റിൽ ആദ്യ പത്തിലെത്തിച്ചിട്ടുണ്ട്. അതും നാല് കളിയിൽ നിന്ന് മാത്രം.













































