തിരുവനന്തപുരം: സ്പാർക്കിൽ (SPARK)നിന്നടക്കം സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് വിവിധ വകുപ്പുകൾക്ക് നൽകിയ കത്ത് പുറത്തുവിട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഒഎസ്ഡി സീറം സാംബശിവ റാവു അയച്ച കത്താണ് ചെന്നിത്തല പത്രസമ്മേളനത്തിൽ പുറത്തുവിട്ടത്.
സംസ്ഥാന സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ ചോർത്തുന്നതിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന ആരോപണത്തിനുള്ള തെളിവുമായാണ് ചെന്നിത്തല പത്രസമ്മേളനം നടത്തിയത്. കത്ത് നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും ഇതിന് പിന്നിൽ വലിയ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മുഴുവൻ സർക്കാർ ജീവനക്കാരുടെയും സ്വകാര്യ വിവരങ്ങൾ ഇതിലൂടെ ചോർത്തി. സ്‌പിംഗ്ലർ കേസിന് സമാനമായ രീതിയിലുള്ള ഡാറ്റാ കച്ചവടമാണ് ഇവിടെ നടക്കുന്നത്. ചെന്നിത്തല പറഞ്ഞു.
സർക്കാർ സേവനങ്ങൾക്കായി ‘സെൻട്രലൈസ്ഡ് നോട്ടിഫിക്കേഷൻ ഹബ്’ രൂപീകരിക്കുന്നതിൻ്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ ഒഎസ്ഡി സീറം സാംബശിവ റാവു ജീവനക്കാരുടെ വിവരം തേടിയത്. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് നിർമ്മിക്കുന്നഒരു ‘ഡാറ്റയിലേക്ക്’ എല്ലാ വകുപ്പുകളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നും കത്തിൽ പറയുന്നു. ഇതിൻ്റെ ഭാഗമായി കെ-സ്മാർട്ട് ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരുടെ പേര്, ഫോൺ നമ്പർ, വയസ്, ജില്ല, താലൂക്ക്, വാർഡ്, തദ്ദേശ സ്ഥാപനം തുടങ്ങിയ വ്യക്തിവിവരങ്ങൾ നൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.
ഐടി മിഷൻ്റെ സഹായത്തോടെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് നടപ്പിലാക്കുന്ന ഈ പദ്ധതിക്കായി 2026 ഫെബ്രുവരി 12-നകം വിവരങ്ങൾ കൈമാറാനായിരുന്നു നിർദ്ദേശം. ഐടി മിഷനിലെ അസിസ്റ്റൻ്റ് മിഷൻ കോർഡിനേറ്ററുടെ ഇമെയിൽ വിലാസത്തിലേക്കാണ് ഈ വിവരങ്ങൾ അയക്കേണ്ടത്. എസ്എംഎസ്, ഇമെയിൽ, വാട്സ്ആപ്പ്, വോയിസ് എന്നിവ വഴി തത്സമയ അറിയിപ്പുകൾ നൽകുന്നതിന് ‘ഗവൺമെൻ്റ് ഓഫ് കേരള’ എന്ന പേരിൽ ഏകീകൃത സന്ദേശങ്ങൾ അയക്കുന്നതിനു വേണ്ടിയാണ് ഈ വിവരങ്ങൾ ഉപയോഗിക്കുക ഒരു വിശദീകരണം.
ഇത്തരത്തിൽ വിവരങ്ങൾ ശേഖരിക്കുന്നത് വലിയ ദുരൂഹതയുണ്ടാക്കുന്നുവെന്നും രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും ചെന്നിത്തല ആരോപിച്ചു.















































