ബെംഗളൂരു: ക്ഷേത്രത്തിലെ കാണിക്കവഞ്ചിയിൽ അമ്മായിയമ്മ മരിക്കുന്നതിനുവേണ്ടി പ്രാർഥിക്കുന്ന കുറിപ്പ്. ബെളഗാവി ജില്ലയിലെ ഹുളിഗുണ്ടേശ്വര ക്ഷേത്രത്തിലെ കാണിക്കവഞ്ചി തുറന്നപ്പോഴാണ് കുറിപ്പ് കണ്ടെടുത്തത്. കാണിക്കയായി സമർപ്പിച്ച 100 രൂപയ്ക്ക് ഒപ്പമുണ്ടായിരുന്ന കടലാസ് തുണ്ടിലായിരുന്നു കന്നഡയിൽ ആവശ്യം എഴുതിയിരുന്നത്.
‘ഭഗവാനേ, എന്റെ കഷ്ടം നീക്കണം-അടുത്ത ഉത്സവത്തിനുമുൻപ് അമ്മായിയമ്മ മരിക്കണം’ എന്നായിരുന്നു ഇതിൽ എഴുതിയിരുന്നത്. കുറിപ്പെഴുതിയത് ആരാണെന്ന് വ്യക്തമല്ല. കാണിക്കയ്‌ക്കൊപ്പം വിവിധ ആവശ്യങ്ങൾ എഴുതിയിടുന്നത് ഈ ക്ഷേത്രത്തിൽ സാധാരണമാണ്.
മക്കളുണ്ടാകാൻ, വിവാഹം നടക്കുന്നതിന്, ജോലി ലഭിക്കാൻ എന്നിങ്ങനെ വിവിധ ആവശ്യങ്ങളാണ് പലപ്പോഴും കുറിപ്പുകളിൽ കാണാറുള്ളത്. എന്നാൽ, ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു കുറിപ്പ് ലഭിക്കുന്നതെന്ന് ക്ഷേത്രം അധികൃതർ പറഞ്ഞു.

















































