ദില്ലി: ട്രംപിന് സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ടതിന് പിന്നാലെ വ്യാപാര കരാറിൽ ഇന്ത്യയുടെ നിർണ്ണായക നീക്കം. വ്യാപാര കരാറുമായി ഇന്ന് നിശ്ചയിച്ചിരുന്ന ഇന്ത്യ – എസ് യോഗത്തിൽ ഇന്ത്യ പങ്കെടുക്കില്ല. കരാറിൻ്റെ നിയമവശങ്ങൾ പരിശോധിക്കാനായി മൂന്ന് ദിവസത്തെ യോഗമാണ് അമേരിക്കയിൽ നിശ്ചയിച്ചിരുന്നത്. നിയമവശങ്ങൾ പരിശോധിക്കാനായി നിശ്ചയിച്ചിരുന്ന യോഗത്തിൽ ഇന്ത്യയിൽ നിന്നുള്ള ഉദ്യോഗസ്ഥർ പങ്കെടുക്കില്ലെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. തീരുവയിൽ തീരുവ 15 വ്യത്യസ്തമാക്കിയ സാഹചര്യത്തിൽ ഇടക്കാല വ്യപാര കരാറിൻ്റെ പരിഗണന വിഷയങ്ങളിൽ മാറ്റം വരാൻ സാധ്യയുണ്ട്. മാർച്ചിൽ ഇടക്കാല കരാർ ഒപ്പിടുമെന്നും ഏപ്രിൽ മുതൽ കരാർ പ്രബല്യത്തിൽ വരുമെന്നുമാണ് വാണിജ്യ സ്ഥാപനം വ്യക്തമാക്കിയത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ എന്ത് സംഭവിക്കുമെന്നത് കണ്ടറിയണം.
അമേരിക്കയിലെ സുപ്രീം കോടതി വിധിയെ തുടർന്ന് ഡോണൾഡ് ട്രംപിൻ്റെ താരിഫ് നീക്കങ്ങൾ നിരീക്ഷിച്ച് വിലയിരുത്തുകയാണ്. പ്രതികാര നടപടിയുടെ ഭാഗമായി വിവിധ രാജ്യങ്ങൾക്ക് മേൽ ട്രംപ് ചുമത്തിയ താരിഫുകൾ സുപ്രീം കോടതി റദ്ദാക്കിയതാണ് പുതിയ പ്രതിസന്ധി. ട്രംപ്, തൻ്റെ അധികാര പരിധി ലംഘിച്ചുവെന്ന് കോടതി ചൂണ്ടിക്കാട്ടുകയായിരുന്നു. ദേശീയ അടിയന്തരാവസ്ഥകളിൽ ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ള നിയമത്തിന് കീഴിലാണ് ട്രംപ് താരിഫുകൾ ചുമത്തിയതെന്ന് വിധിയിൽ വ്യക്തമാണ്.
അതേസമയം സുപ്രീം കോടതി വിധി മറികടക്കാൻ 1974 ലെ ട്രേഡ് ആക്ടിലെ സെക്ഷൻ 122 പ്രകാരമുള്ള അധികാരം ഉപയോഗിച്ച് ആഗോള തീരുവ 15 ശതമാനമായി ഉയർത്തുന്നതായി ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ ഇത് 10 ആയിരുന്നു. ദേശീയ അടിയന്തരാവസ്ഥ നിയമം ഉപയോഗിച്ച് തീരുവ ചുമത്തിയത് പ്രസിഡൻ്റിൻ്റെ അധികാരപരിധിക്ക് പുറത്താണെന്നായിരുന്നു സുപ്രീം കോടതി വിധി. തമാശ എന്ന് വിശേഷിപ്പിച്ച ട്രംപ്, പുതിയ നിയമവഴിയിലൂടെ താരിഫുകൾ ഉടനടി പ്രാബല്യത്തിൽ വരുത്തി. രാജ്യാന്തര പണമിടപാടുകളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രസിഡൻ്റിന് അധികാരം നൽകുന്ന നിയമമാണിത്. ഇതനുസരിച്ച് ഫെബ്രുവരി 24 മുതൽ പുതിയ തീരുമാനങ്ങൾ നിലവിൽ വരും. ഈ നിയമപ്രകാരം 150 ദിവസം വരെ പരമാവധി 15 ശതമാനം തീരുവ ചുമത്താം. ഈ പരിധിയാണ് ട്രംപ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. 150 ദിവസത്തിന് ശേഷം അമേരിക്കയുടെ അനുമതിയില്ലെങ്കിൽ ഈ തീരുവ അവസാനിക്കും.














































