തിരുവനന്തപുരം: മഹിളാ കോൺഗ്രസ് നേതാവും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന ആർ. രശ്മി ബിജെപി അംഗത്വം സ്വീകരിച്ചു. മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് രശ്മി അംഗത്വം സ്വീകരിച്ചത്.
സിപിഎം വിട്ട് ആയിഷ പോറ്റിയെ കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർഥിയാക്കുന്നതിൽ വിയോജിച്ചാണ് രശ്മി പാർട്ടി വിട്ടതെന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ. 2021ൽ കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചിട്ടുള്ള രശ്മി ഇക്കുറിയും സീറ്റ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ അപ്രതീക്ഷിതമായാണ് അയിഷ പോറ്റി കോൺഗ്രസിലെത്തിയത്. ഇതോടെ രശ്മി രണ്ട് നിബന്ധനകൾ കോൺഗ്രസ് നേതൃത്വത്തിനു മുന്നിൽ വച്ചു.
ഒന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉണ്ടായ സാമ്പത്തിക ബാധ്യത പാർട്ടി തീർക്കണം, രണ്ട് യുഡിഎഫ് അധികാരത്തിൽ വന്നാൽ ബോർഡ് കോർപറേഷൻ സ്ഥാനങ്ങൾ ഏതെങ്കിലുമൊന്ന് നൽകണം ഇതായിരുന്നു രശ്മിയുടെ ആവശ്യം. എന്നാൽ, കോൺഗ്രസ് നേതൃത്വം ഈ ആവശ്യങ്ങൾ അംഗീകരിക്കാതിരുന്നതോടെയാണ് രശ്മി പാർട്ടിവിട്ട് ബിജെപിയിൽ ചേരാൻ തീരുമാനിച്ചത്. ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന രശ്മി 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കെ.എൻ. ബാലഗോപാലിനെതിരെയാണ് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചത്.














































