യുപിയിൽ വധുവിൻറെ വളർത്തുനായയുടെ ഒറ്റ കുരയിൽ കല്യാണം തന്നെ മുടങ്ങി. വധുവിന്റെ പ്രിയപ്പെട്ട നായയെ വരൻറെ വീട്ടുകാർ തല്ലിയതിനെ തുടർന്നാണ് വിവാഹം മുടങ്ങിയത്. ഫത്തേപ്പൂർ ജില്ലയിലെ ഖാഗ കോട്‌വാലി പ്രദേശത്തെ ഒരു ഗെസ്റ്റ്ഹൗസിലാണ് നാടകീയമായ സംഭവം അരങ്ങേറിയത്. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. വധുവും വരുനും തമ്മിൽ ദീർഘകാലമായി പ്രണയത്തിലായിരുന്നു. കാൺപൂരിലെ ആര്യസമാജ ചടങ്ങിൽ വിവാഹം കഴിക്കാനായി മുമ്പ് ഒളിച്ചോടുകയും ചെയ്തു. പിന്നാലെ വിവാഹത്തിന് വധുവിന്റെ കുടുംബം സമ്മതിച്ചതോടെ ഔപചാരികമായി നടത്താൻ തീരുമാനിച്ചു.
ബുധനാഴ്ച പുലർച്ചെ വിവാഹചടങ്ങുകൾ നടന്നുക്കൊണ്ടിരിക്കുന്നതിനിടെ, വേദിക്ക് സമീപം വധുവിൻറെ വളർത്തുനായ ബഹളം വെച്ചു. ഇത് കണ്ട് പ്രകോപിതനായ വരൻറെ ബന്ധുവായ യുവാവ് നായയെ ക്രൂരമായി അടിച്ചു. വധുവിൻറെ ബന്ധുക്കൾ ഇത് എതിർക്കുകയും വൈകാതെ വളർത്തുനായയെ ചൊല്ലിയുളള തർക്കം രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ശാരീരികവും അക്രമാസക്തവുമായ സംഘർഷത്തിലേക്ക് നയിക്കുകയുമായിരുന്നു. വടിയും കസേരകളും ഉപയോഗിച്ചായിരുന്നു ആക്രമണം.
ഇതിനിടെ വധുവിൻറെ ബന്ധുക്കളിൽ ചിലർക്ക് തലയ്ക്ക് പരുക്കേറ്റു. വിവരം അറിഞ്ഞെത്തിയ പോലീസ് വിവാഹചടങ്ങുകൾ നിർത്തിവെച്ചു. പരുക്കേറ്റവർക്ക് പ്രാഥമിക ചികിത്സയും നൽകി തിരികെ വീട്ടിലേക്കയച്ചു. തുടർന്ന് വ്യാഴാഴ്ച രണ്ട് കുടുംബങ്ങളും പോലീസ് സ്റ്റേഷനിൽ എത്തിച്ചേരുകയും ചർച്ചകൾക്കെടുവിൽ വിവാഹവുമായി മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നില്ലെന്നു വധു വ്യക്തമാക്കുകയുമായിരുന്നു. വിവാഹ ചടങ്ങുകളിൽ നൽകിയ സമ്മാനങ്ങളും പണവും തിരികെ നൽകി. അതേസമയം ആരും പരാതി നൽകാത്തതിനാൽ നിയമനടപടി സ്വീകരിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു.
















































