കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ സംവിധായകൻ ഷംസുദ്ദീന്‍ അറസ്റ്റിൽ. ‘അഭിലാഷം’ സിനിമയുടെ സംവിധായകനായ ഷംസുദ്ദീനെ തൃപ്പൂണിത്തുറ പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം അറസ്റ്റ് ചെയ്തു. നിർമാതാവ് ആൻ സരിഗ ആന്റണിയുടെ പരാതിയിലാണ് കേസ്. അഭിലാഷം എന്ന സിനിമയ്ക്ക് 2.25 കോടി രൂപ ചെലവാകുമെന്നാണ് ഷംസുദ്ദീൻ ഉൾപ്പെടെയുള്ളവർ പറഞ്ഞ് വിശ്വസിപ്പിച്ചതെന്നാണ് നിർമാതാവ് പരാതിയിൽ പറഞ്ഞത്.
പിന്നാലെ കരാറുണ്ടാക്കുകയും ചെയ്തു. എന്നാൽ ഷൂട്ടിങ് തുടങ്ങിയശേഷം ചെലവ് കരാറിൽ പറഞ്ഞ തുകയേക്കാൾ കൂടി. അനാവശ്യമായ കാലതാമസമുണ്ടാക്കിയതിലൂടെ 3.25 കോടി രൂപയായി ചെലവ് ഉയർന്നുവെന്നും പരാതിയിൽ പറയുന്നു. സിനിമയുടെ മാസ്റ്റർ പ്രിന്റ് അടങ്ങിയ ഹാർഡ് ഡിസ്‌ക് അനുവാദമില്ലാതെ ഷംസുദ്ദീൻ കൊണ്ടുപോയെന്നും ഇത് മറ്റുള്ളവർക്ക് കൈമാറിയെന്നും നിർമാതാവ് ആരോപിച്ചു.
97 ലക്ഷം രൂപയുടെ നേരിട്ടുള്ള സാമ്പത്തികനഷ്ടവും രണ്ട് കോടിയിലേറെ രൂപയുടെ വ്യാപാരനഷ്ടവും ഉൾപ്പെടെ ആകെ നാല് കോടി രൂപയുടെ നഷ്ടമുണ്ടാക്കി എന്നാണ് പരാതിയിൽ പറയുന്നത്. ഷംസുദ്ദീനുമായി പോലീസ് തെളിവെടുപ്പ് നടത്തും. ഇയാൾക്ക് പുറമെ കേസിൽ സിനിമയുമായി ബന്ധപ്പെട്ട അഞ്ച് പേർ കൂടി പ്രതികളാണ്.
















































