ആലപ്പുഴ: പുന്നപ്രയില്‍ 14 കാരിയെ പിതാവും ബന്ധുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു. പ്രതികള്‍ പെണ്‍കുട്ടിയെ നാല് വര്‍ഷത്തോളം നിരന്തരമായിപീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. . ബന്ധുവായ സുഹൃത്തിനോടാണ് പെണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. അച്ഛനുള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിലായിട്ടുണ്ട്. നാല് പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് വ്യക്തമാക്കി. പീഡനത്തിന് ഇരയായ കുട്ടിക്ക് കൗണ്‍സിലിംഗ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. എട്ടുവയസിലാണ് മാതാവിന്റെ സഹോദരന്‍ ആദ്യമായി കുട്ടിയെ പീഡിപ്പിക്കുന്നത്. സംഭവത്തില്‍ ആലപ്പുഴ സൗത്ത് പൊലീസ് പോക്സോ കേസ് എടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ജാമ്യത്തിലിറങ്ങിയ പ്രതി ആത്മഹത്യ ചെയ്യുകയായിരുന്നു.
മാതാവ് കുട്ടിയെ ഉപേക്ഷിച്ച് പോയതോടെ പിതാവിന്റെ സഹോദരിയുടെ വീട്ടിലായിരുന്നു താമസം. പിതൃ സഹോദരി കുഞ്ഞിനെ ദ്രോഹോപദ്രവം ഏല്‍പ്പിച്ചതോടെയാണ് ശിശുക്ഷേമസമിതിയിലേക്ക് മാറ്റിയത്. 2022ലാണ് സിഡബ്ല്യുസിയില്‍ നിന്ന് പിതാവ് കുട്ടിയെ ഏറ്റെടുക്കുന്നത്. അതിനുശേഷം പിതാവിനൊപ്പം ബന്ധുവീട്ടിലായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നത്. അവിടെ നിന്നാണ് കൂടുതല്‍ ബന്ധുക്കളില്‍ നിന്ന് പെണ്‍കുട്ടിക്ക് പീഡനം ഏല്‍ക്കേണ്ടി വന്നത്. നാലുവര്‍ഷമായി ബന്ധുക്കളില്‍ നിന്ന് തുടര്‍ച്ചയായി പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായി.
പിതാവ്, പിതാവിന്റെ സഹോദരി ഭര്‍ത്താവ്, പിതാവിന്റെ സഹോദരിയുടെ മകന്‍, മറ്റൊരു ബന്ധു എന്നിവരാണ് പെണ്‍കുട്ടിയെ പലതവണകളായി ലൈംഗികമായി പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസം ബന്ധുവായ സുഹൃത്തിനോട് പെണ്‍കുട്ടി ഇക്കാര്യം പറഞ്ഞതോടെയാണ് വിവരം പുറത്തറിയുന്നത്.
















































