അയൽരാജ്യമായ ബംഗ്ലാദേശിൽ ഏറെക്കാലത്തിനു ശേഷം അങ്ങനെ തെരഞ്ഞെടുപ്പ് നടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം ഏറെക്കുറെ പുറത്ത് വന്നു കഴിഞ്ഞു. ബംഗ്ലാദേശിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഒരു നിർണായക വഴിത്തിരിവായി മാറിയ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്. ഷെയ്ഖ് ഹസീനയുടെ ഭരണകൂടത്തെ 2024-ലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള കലാപത്തിലൂടെ താഴെയിറക്കിയതിനു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ്.
ഹസീനയുടെ അവാമി ലീഗിന് നിരോധനം നിൽക്കുന്നതിനാൽ മത്സരിക്കാനാകാതെ പോയപ്പോൾ താരിഖ് റഹ്മാൻ നയിച്ച ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി വൻ ഭൂരിപക്ഷം നേടി വിജയിച്ചു. എന്നാൽ ബിഎൻപിയുടെ വിജയത്തേക്കാൾ ശ്രദ്ധ നേടുന്നത്, ഹസീനയെ അട്ടിമറിക്കാൻ മുന്നിൽ നിന്ന ജമാഅത്തെ ഇസ്ലാമി (ജെഐ) നയിച്ച ഇസ്ലാമിസ്റ്റ് സഖ്യത്തിന് വലിയ സ്വാധീനം ഉണ്ടാക്കാനായില്ല എന്നതാണ്. വളരെ പുറകിൽ ആണ് അവർ രണ്ടാം സ്ഥാനത്തെത്തിയത്. എന്നാൽ ഇതുവരെ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്ന ചരിത്രമില്ലാതിരുന്ന ജമായത്തെ ഇസ്ലാമി നേരിട്ട് രാഷ്ട്രീയത്തിൽ ഇറങ്ങിയിരിക്കുന്നത് ബംഗ്ലാദേശിന്റെ മതേതരത്വത്തിനും സാമൂഹിക സമത്വത്തിനും ഭീഷണിയാണെന്ന് തന്നെയാണ് ചൂണ്ടിക്കാട്ടുന്നത്.
അവസാനം ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് ആകെയുള്ള 300 സീറ്റുകളിൽ 213 എണ്ണവും ബിഎൻപി സഖ്യം നേടി. 209 സീറ്റുകൾ അവർ ഒറ്റക്ക് തന്നെ വിജയിച്ചു. എന്നാൽ മറുഭാഗത്ത് ജമായത്തെ ഇസ്ലാമി കേവലം 68 സീറ്റിലേക്കൊതുങ്ങിയിരിക്കുകയാണ്. ബംഗ്ലാദേശ് കമ്മ്യൂണിസ്റ്റ് പാർട്ടിയും മത്സര രംഗത്തുണ്ടായിരുന്നെങ്കിലും അവർക്കും ഇടതു സഖ്യത്തിനും ഒരു സീറ്റിൽ പോലും വിജയിക്കാനായില്ല.
നമുക്ക് ഈ തെരഞ്ഞെടുപ്പിന്റെ പാശ്ചാത്തലം ഒന്ന് നോക്കാം.
ബംഗ്ലാദേശിന്റെ രാഷ്ട്രീയം ദീർഘകാലമായി രണ്ടു പ്രധാന പാർട്ടികളുടെ പോരാട്ടമായിരുന്നു. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗും ഖാലിദ സിയയുടെ ബിഎൻപിയും. 2009 മുതൽ 2024 വരെയുള്ള ഹസീനയുടെ 15 വർഷത്തെ ഭരണകാലത്ത്, രാജ്യം സാമ്പത്തിക വളർച്ച കൈവരിച്ചെങ്കിലും, ജനാധിപത്യ വിരുദ്ധ നടപടികൾ, അഴിമതി, മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവയ്ക്ക് വലിയ വിമർശനങ്ങൾ നേരിടുകയുണ്ടായി. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സർക്കാർ ജോലിയിലെ സംവരണത്തിനെതിരായി തുടങ്ങിയ 2024-ലെ ജൂലൈ കലാപം, ഹസീനയുടെ ഭരണകൂടത്തിനെതിരെയുള്ള വ്യാപക പ്രതിഷേധമായി മാറി. ഈ കലാപത്തിൽ ജമായത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗമായ ഇസ്ലാമി ഛാത്ര ശിബിർ പ്രധാന പങ്ക് വഹിച്ചിരുന്നു. അവർ പ്രതിഷേധങ്ങളെ അക്രമാസക്തമാക്കിയെന്ന ആരോപണങ്ങളും ഉയർന്നിരുന്നു. ഒടുവിൽ ഹസീനയ്ക്ക് സ്ഥാനം രാജിവച്ച് രാജ്യം തന്നെ വിടേണ്ടതായി വരികയും ചെയ്തു.
ഹസീന ഇന്ത്യയിൽ രാഷ്ട്രീയ അഭയം തേടുകയും ബംഗ്ലാദേശിൽ നടന്ന വിചാരണയിൽ അവരെ വധശിക്ഷക്ക് വിധിച്ചതും നമ്മുടെ ഓർമയിൽ ഉള്ളതാണല്ലോ. ഇത്തവണത്തെ തെരഞ്ഞെടുപ്പിന് മുമ്പായി ഹസീനയുടെ പാർട്ടി ആയ അവാമി ലീഗിനെ നിരോധിച്ചത് തെരഞ്ഞെടുപ്പിനെ ബിഎൻപിയും ജമായത്തെ ഇസ്ലാമി നേരിട്ട് നയിക്കുന്ന 11 പാർട്ടി സഖ്യവും തമ്മിലുള്ള പോരാട്ടമാക്കി മാറ്റി. ജമായത്തെ ഇസ്ലാമി, 1971-ലെ ബംഗ്ലാദേശ് വിമേചന സ്വാതന്ത്ര്യ സമരത്തിൽ പാക്കിസ്ഥാനൊപ്പം നിന്നതിന്റെ പേരിൽ വിവാദമായ പാർട്ടിയാണെന്ന് കൂടെ ആലോചിക്കണം. ഹസീനയുടെ ഭരണകാലത്ത് നിരോധിക്കപ്പെട്ടിരുന്ന അവർ, കലാപത്തിനു ശേഷം അധികാരങ്ങളിൽ നിർണായക പങ്കു വഹിച്ചപ്പോൾ 2025-ൽ അവരുടെ നിരോധനം നീക്കിയെടുക്കുകയും തെരഞ്ഞെടുപ്പിൽ മത്സരിക്കുകയുമായിരുന്നു.
അവർ ശരീഅത്ത് നിയമങ്ങൾക്ക് വേണ്ടി ശക്തമായി വാദിക്കുന്ന തീവ്രവിഭാഗമാണ്. കൂടാതെ അവരുടെ ആശയങ്ങൾ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നു, മതേതരത്വത്തെ എതിർക്കുന്നു എന്നിങ്ങനെ വലിയ വിമർശനങ്ങളും നേരിടുന്നുണ്ട്. ജമായത്തെ ഇസ്ലാമിയുടെ ഉദയം, അഴിമതി കണ്ട് മടുത്ത ജനങ്ങളുടെ ‘പുതിയ ബദൽ’ തേടലിന്റെ ഫലമാണെങ്കിലും, ഇത് രാജ്യത്തെ ഇസ്ലാമിക തീവ്രവാദത്തിലേക്ക് നയിക്കുമെന്ന ഭയം വ്യാപകമാണ്. രാജ്യത്ത് കലാപത്തിനു ശേഷം നടന്ന ഹിന്ദുക്കൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഈ ഭീതി വർധിപ്പിക്കുകയാണ്.
അടുത്തതായി തെരഞ്ഞെടുപ്പ് പ്രചാരണത്തെക്കുറിച്ച് പറയുമ്പോൾ ജമായത്തെ ഇസ്ലാമിയുടെ തന്ത്രങ്ങളും അവർക്കു നേരെ ഉയർന്ന വിമർശനങ്ങളും തന്നെയാണ് ഏറ്റവും പ്രധാനം. കമ്മ്യൂണിസ്റ്റ് പാർട്ടിയും തെരഞ്ഞെടുപ്പിൽ മത്സരിച്ചുവെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണം ബിഎൻപിയും ജമായത്തെ ഇസ്ലാമി സഖ്യവും തമ്മിലുള്ള തീവ്രമായ മത്സരമായിരുന്നു. താരിഖ് റഹ്മാൻ നയിക്കുന്ന ബിഎൻപി, സാമ്പത്തിക പരിഷ്കാരങ്ങൾ, അഴിമതി നിർമാർജനം, ജനാധിപത്യ പുനഃസ്ഥാപനം എന്നിവയ്ക്ക് ഊന്നൽ നൽകി. അവർ യുവാക്കളെ ആകർഷിക്കാൻ നിരവധി പുതിയ പദ്ധതികളും മാനിഫെസ്റ്റോയിൽ ഉൾപ്പെടുത്താൻ ശ്രമിച്ചിരുന്നു. അതേസമയം, ഷഖീഫുർ റഹ്മാൻ നയിച്ച ജമായത്തെ ഇസ്ലാമി കൂടുതലും യാഥാസ്ഥിതിക മതവിശ്വാസത്തെ മുറുകെ പിടിക്കുന്ന രീതിയിലുള്ള ആശയങ്ങളാണ് മുന്നോട്ട് വച്ചത്. അതോടൊപ്പം ‘അഴിമതി രഹിത ഭരണം’ എന്ന മുദ്രാവാക്യവും ഉയർത്തിയിരുന്നു. എങ്കിലും പ്രധാനമായും പലിശ രഹിത ലോണുകൾ, ഇസ്ലാമിക മൂല്യങ്ങൾ എന്നിവയായിരുന്നു അവരുെട വാഗ്ദാനങ്ങളിൽ പ്രധാനം.
അതോടൊപ്പം പറയേണ്ട മറ്റൊരു പ്രധാന സംഗതി കടുത്ത മതതീവ്ര ആശയങ്ങൾ മുന്നോട്ട് വെക്കുന്ന ജമായത്തെ ഇസ്ലാമി ഒരു സ്ത്രീ സ്ഥാനാർത്ഥിയെ പോലും മത്സരിപ്പിച്ചില്ല എന്നതാണ്. അത് അവരുടെ സ്ത്രീ സ്വാതന്ത്ര്യത്തിനെതിരെയുള്ള നിലപാടിന്റെ തെളിവായി ബിഎൻപി ചൂണ്ടിക്കാട്ടുകയും ചെയ്തു. ഗ്രാമീണ മേഖലകളിൽ ജമായത്തെ ഇസ്ലാമി ക്ഷേമ പ്രവർത്തനങ്ങൾ വഴി പിന്തുണ നേടിയെങ്കിലും, ഇത് ‘ഇസ്ലാം ദീൻ’ എന്ന ആശയത്തിലൂടെ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് വിമർശകർ പറയുന്നു. പ്രചാരണത്തിൽ ജമായത്തെ ഇസ്ലാമിയുടെ പാക്കിസ്ഥാൻ ബന്ധങ്ങൾ ചൂണ്ടിക്കാട്ടി ബിഎൻപി ആക്രമിക്കുകയും, ഇത് ദേശീയതയെ ദുർബലപ്പെടുത്തുമെന്ന് വാദിക്കുകയും ചെയ്തിരുന്നു.
ഇനി തെരഞ്ഞെടുപ്പ് ഫലങ്ങളിലേക്ക് വിശദമായി വന്നാൽ ഫെബ്രുവരി 13-ന് പ്രഖ്യാപിച്ച ഫലങ്ങൾ പ്രകാരം, ബിഎൻപി 300 സീറ്റുകളിൽ 209 നേടി ഭൂരിപക്ഷം നേടി. ബിഎ പി നേതാവ് താരിഖ് റഹ്മാൻ പ്രധാനമന്ത്രിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. അങ്ങനെ സംഭവിക്കുമ്പോൾ ബംഗ്ലാദേശിൽ 36 വർഷത്തിനു ശേഷമുള്ള ആദ്യ പുരുഷ പ്രധാനമന്ത്രിയായി മാറുകയാണ് താരിഖ്. ജമായത്തെ ഇസ്ലാമി സഖ്യം വളരെ പിന്നിൽ രണ്ടാമതെത്തിയപ്പോൾ നാഷണൽ സിറ്റിസൻ പാർട്ടിക്ക് 4 സീറ്റുകൾ മാത്രം നേടാനേ കഴിഞ്ഞുള്ളൂ.
കലാപത്തി്ലൂടെ ഹസീനയെ പുറത്താക്കുന്നതിൽ പ്രധാന പങ്കു വഹിച്ച ജമായത്തെ ഇസ്ലാമിയുടെ തെരഞ്ഞെടുപ്പിലെ പ്രകടനം പക്ഷേ പ്രതീക്ഷിച്ചതിലും വളരെ ദയനീയമയിരുന്നു. അവരുടെ തോൽവി പാകിസ്താൻ പിന്തുണയുള്ള തീവ്രവാദ ഗ്രൂപ്പുകൾക്ക് തിരിച്ചടിയാണ്. ഇന്ത്യുടെ പശ്ചിമ ബംഗാൾ സംസ്ഥാനത്തോട് ചേർന്നു കിടക്കുന്ന ഖുൽന, രംഗപൂർ പ്രവിശ്യകളിൽ മുന്നേറ്റമുണ്ടാക്കിയെങ്കിലും മൊത്തത്തിലുള്ള ഫലം അവരുടെ അഭിലാഷങ്ങളെ തകർക്കുന്നതും മുജീബുർ റഹ്മാന്റെ പിൻതുടർച്ചയുള്ള ബംഗ്ലാദേശിന്റെ മതേതര മനസിനെ ഉയർത്തിപ്പിചിടിക്കുന്നതുമാണ്.
അന്തിമ വിശകലനത്തിൽ നേരത്തേ പറഞ്ഞ പോലെ ബിഎൻപിയുടെ വൻ വിജയത്തേക്കാൾ തീവ്ര മതവാദികളായ ജമായത്തെ ഇസ്ലാമിയുടെ പാർലമെന്റിലെ സാന്നിധ്യം തന്നെയാണ് പ്രധാന സംഗതി. ഇത് ബംഗ്ലാദേശിന്റെ മതേതര സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുമെന്ന് ഏവരേയും ഭയപ്പെടുത്തുന്നു. ഏതു വിഷയത്തിലും ‘ഇസ്ലാമിക പരിഹാരം’ വാഗ്ദാനം ചെയ്യുന്ന ജമായത്തെ ഇസ്ലാമി, പക്ഷേ ഇത് സ്ത്രീകളുടെ അവകാശങ്ങൾ, ന്യൂനപക്ഷ സംരക്ഷണം എന്നിവയെ അപകടപ്പെടുത്തുന്നു. ഹസീനയുടെ ഭരണകാലത്ത് ജമായ.ത്തെ ഇസ്ലാമിയെ നിരോധിച്ചത് അവരുടെ നേരിട്ടുള്ള തീവ്രവാദ ബന്ധങ്ങൾ കൊണ്ടാണ്. ഇപ്പോൾ, പ്രതിപക്ഷമാണെങ്കിൽ പോലും, ജമായത്തെ ഇസ്ലാമി എന്ന മതസംഘടന രാഷ്ട്രീയത്തിൽ നേരിട്ട് ഇടപെടുന്നത് രാജ്യത്തെ 100 വർഷം പിന്നോട്ട് കൊണ്ടുപോകുമെന്ന് ഭയപ്പെടുന്നു.
ബിഎൻപിയുടെ വിജയം ബംഗ്ലാദേശിന്റെ രാഷ്ട്രീയ – സാമ്പത്തിക സ്ഥിരതയ്ക്ക് നല്ലതാണ്, പക്ഷേ ജമായത്തെ ഇസ്ലമായുടെ പ്രതിപക്ഷ പങ്ക് പാർലമെന്റിനെ വിഭാഗീയമാക്കിയേക്കാം. അവസാനമായി, 2026 തെരഞ്ഞെടുപ്പ് ബംഗ്ലാദേശിന്റെ മതേതര പാരമ്പര്യത്തെ തന്നെയാണ് ഉയർത്തിപ്പിടിച്ചതെന്ന് പറയുമ്പോഴും ജമായത്തെ ഇസ്ലാമിയുടെ സാന്നിധ്യത്തിൽ ജനാധിപത്യം ശക്തിപ്പെടുത്താൻ നിതാന്ത ജാഗ്രത തന്നെ വേണ്ടതുണ്ട്.















































