ഭോപ്പാൽ: മധ്യപ്രദേശില്‍ പ്ലസ് വണ്‍ വിദ്യാർത്ഥിനിയെ നാല് വ്യത്യസ്ത വാഹനങ്ങൾക്കുള്ളിലിട്ട് ക്രൂരമായി പീഡനത്തിനിരയാക്കി. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ഒരു ഥാർ എസ്‌യുവി ഉൾപ്പെടെ നാല് കാറുകൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയായ ഔസഫ് അലി ഖാൻ ഫെബ്രുവരി 3-ന് അറസ്റ്റിലായി ഇപ്പോൾ ജയിലിലാണ്. ഇയാളുടെ കൂട്ടാളിയും ഭോപ്പാലിൽ ജിം നടത്തുന്നയാളുമായ മാജ് ഖാൻ ഫെബ്രുവരി 8-നാണ് പിടിയിലായത്.
കേസിന്റെ ഗൗരവം പരിഗണിച്ച് എസിപി അങ്കിത ഖത്രക്കറുടെ നേതൃത്വത്തിൽ ഒരു പ്രത്യേക അന്വേഷണ സംഘത്തെ പോലീസ് കമ്മീഷണർ രൂപീകരിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ വെച്ച് നാല് വ്യത്യസ്ത കാറുകളിലായിട്ടാണ് പെൺകുട്ടി പീഡനത്തിന് ഇരയായതെന്ന് എസ്‌ഐടിയുടെ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
ഖാനുഗാവ് മേഖലയിൽ വെച്ച് ഔസഫ് അലി ഖാൻ പെൺകുട്ടിയെ ഥാർ കാറിനുള്ളിൽ വെച്ച് പീഡിപ്പിക്കുകയും ഐഫോൺ ഉപയോഗിച്ച് ജനലിലൂടെ ദൃശ്യങ്ങൾ രഹസ്യമായി പകർത്തിയതായി ചോദ്യം ചെയ്യലിൽ വെളിപ്പെട്ടു. ഈ വീഡിയോ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടിയിൽ നിന്ന് 40,000 രൂപ ഇവർ തട്ടിയെടുക്കുകയും പലതവണ ശാരീരിക ബന്ധത്തിന് നിർബന്ധിക്കുകയും ചെയ്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച കാർ സീഹോർ ജില്ലയിലെ ഒരു ഗ്രാമത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു, ഇത് പോലീസ് കണ്ടെടുത്തു. എന്നാൽ വീഡിയോ പകർത്താൻ ഉപയോഗിച്ച ഐഫോൺ ഇതുവരെ കണ്ടെത്താനായിട്ടില്ല. അന്വേഷണത്തിനിടെ, കൊഹെഫിസ പോലീസ് സ്റ്റേഷനിലെ ഒരു ഹെഡ് കോൺസ്റ്റബിളിനെ സസ്‌പെൻഡ് ചെയ്തു. ഇയാൾ മാജ് ഖാനുമായി ബന്ധം പുലർത്തുകയും രഹസ്യ വിവരങ്ങൾ ചോർത്തി നൽകുകയും ചെയ്തിരുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.











































