വന്നവർ വന്നവർ ഇന്ത്യയെ ഞെട്ടിക്കുകയാണല്ലോ… യുഎസിനു പിന്നാലെ നമീബിയയും!! അവസാന രണ്ട് ഓവറിൽ തെറുപ്പിച്ചത് ഇന്ത്യയുടെ 5 വിക്കറ്റുകൾ… സഞ്ജുവിന്റെ കിടിലൻ തുടക്കം, ഇഷാന്റെ വെടിക്കെട്ട്, ഏറ്റെടുത്ത് പാണ്ഡ്യ… പിന്നീടങ്ങോട്ട് വെറും ചടങ്ങുപോലെ ഇന്ത്യൻ ബാറ്റിങ് നിര- നമീബിയയ്ക്ക് 210 റൺസ് വിജലയലക്ഷ്യം
ന്യൂഡൽഹി: സഞ്ജുവിന്റെ ഉജ്വല തുടക്കം ഏറ്റെടുത്ത് ഇഷാൻ കിഷനും ഹാർദിക് പാണ്ഡ്യയും മുന്നോട്ട് കുതിച്ചതോട് ഇന്ത്യൻ സ്കോർ 250 എങ്കിലും കടക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഫലം നിരാശ. തുടക്കം മനോഹരമെങ്കിലും ഒടുക്കം തുടരെ വിക്കറ്റുകൾ കളഞ്ഞുകുളിച്ചു. ട്വന്റി20 ലോകകപ്പിലെ രണ്ടാം മത്സരത്തിൽ നമീബിയയ്ക്കെതിരെ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ, നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 209 റൺസെടുത്തു. നമീബിയയ്ക്ക് 210 റൺസ് വിജലയലക്ഷ്യം.
കുഞ്ഞന്മാരെന്നു എഴുതിത്തള്ളിയ നമീബിയ അവസാന രണ്ട് ഓവറിൽ വെറും നാല് റൺസിനിടെ 5 വിക്കറ്റ് വീഴ്ത്തി ഇന്ത്യയെ ഞെട്ടിച്ചു. അർധസെഞ്ചറി നേടിയ ഇഷാൻ കിഷൻ (24 പന്തിൽ 61), ഹാർദിക് പാണ്ഡ്യ (28 പന്തിൽ 52) എന്നിവരാണ് ഇന്ത്യയ്ക്കു വേണ്ടി തിളങ്ങിയത്. ഓൾറൗണ്ടർ ശിവം ദുബെ 16 പന്തിൽ 23 റൺസെടുത്തപ്പോൾ ഓപ്പണറായി ഇറങ്ങിയ മലയാളി താരം സഞ്ജു സാംസൺ എട്ടു പന്തിൽ 22 റൺസെടുത്തു.
ലോകകപ്പിലെ കന്നി മത്സരം കളിച്ച സഞ്ജു എട്ടു പന്തിൽ 22 റൺസെടുത്ത് പുറത്തായി. അവസാന നാലു പന്തിൽ മൂന്നു സിക്‌സറും ഒരു ബൗണ്ടറിയും നേടിയ ശേഷമാണ് സഞ്ജു പുറത്തായത്. ബെൻ ഷിക്കോംഗോയുടെ പന്തിൽ ലൗറൻ സ്റ്റീൻകാമ്പാണ് ക്യാച്ചെടുത്തത്. 15 ഓവർ പിന്നിടുമ്പോൾ ഇന്ത്യ 168നു നാലു വിക്കറ്റ് എന്ന നിലയിലാണ്. ഹർദിക് പാണ്ഡ്യയും ശിവം ദുബെയുമാണ് ക്രീസിൽ.
പതിയെ തുടങ്ങിയ ഇഷാൻ കിഷൻ പിന്നീട് ആക്രമിച്ചു കളിച്ചു. 20 പന്തിൽ നിന്ന് ഇഷാൻ അർധ സെഞ്ചുറി തികച്ചത്. 5 ഫോറും നാലു സിക്‌സറും സഹിതമാണ് ഇഷാൻ അർധ സെഞ്ചറി തികച്ചത്. തകർപ്പനടി തുടർന്ന ഇഷാന്റെ ഇന്നിങ്‌സ് 61 റൺസിൽ അവസാനിച്ചു. 24 പന്തിൽ നിന്നാണ് ഇഷാന്റെ സ്‌കോറിങ്. ഗെർഹാർഡ് ഇറാസ്മസിന്റെ പന്തിൽ ബെൻ ഷിക്കോംഗോയാണ് ഇഷാനെ പുറത്താക്കിയത്.
പിന്നീട് വന്ന ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് 12 റൺസ് മാത്രമാണ് നേടാനായത്. ബെർണാഡ് ഷോൾട്‌സിനാണ് വിക്കറ്റ്. 25 റൺസെടുത്ത തിലക് വർമ ഗെർഹാർഡ് ഇറാസ്മസിന്റെ പന്തിൽ പുറത്തായി.
അതേസമയം ട്വന്റി 20 ലോകകപ്പിൽ ടോസ് നേടിയ നമീബിയ ഫീൽഡിങ് തിരഞ്ഞെടുത്തു. വയറിലെ അണുബാധയെ തുടർന്ന് ആശുപത്രിയിലായ അഭിഷേക് ശർമയ്ക്ക് പകരം സഞ്ജു ടീമിലെത്തിയത്. സിറാജിന് പകരം ബുംറ ടീമിലെത്തി. ആദ്യം ബാറ്റ് ചെയ്യാനാണ് ആഗ്രഹിച്ചിരുന്നതെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ പറഞ്ഞു. മഞ്ഞുവീഴ്ച വലിയ ഘടകമായിരിക്കുമെന്നും സ്‌കോർ പ്രതിരോധിച്ച് ജയിക്കുന്നത് ആത്മവിശ്വാസം നൽകുന്ന കാര്യമാണെന്നും സൂര്യ പറഞ്ഞു. അഭിഷേക് പൂർണ ആരോഗ്യം വീണ്ടെടുത്തിട്ടില്ല. ഒന്നോ രണ്ടോ മത്സരങ്ങൾ പുറത്തിരിക്കേണ്ടി വരും. പകരം ടീമിലെത്തുന്ന സഞ്ജു ഏകദേശം സമാന ശൈലിയിൽ ബാറ്റ് ചെയ്യുന്ന താരമാണെന്നും സൂര്യകുമാർ യാദവ് പറഞ്ഞു.













































