കോഴിക്കോട്: ഇന്ത്യയിലാദ്യമായി അവയവ മാറ്റ ശസ്‌ത്രക്രിയയ്ക്ക് മാത്രമായൊരു ആശുപത്രി കോഴിക്കോട്, ചേവായൂരിൽ യാഥാർത്ഥ്യമാകാനൊരുങ്ങുകയാണ്. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാൻറേഷൻ എന്ന പേരിൽ സ്ഥാപിക്കുന്ന വൻ ആശുപത്രി കെട്ടിടത്തിൻ്റെ ശിലാസ്ഥാപന കർമ്മം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.
ആരോഗ്യരംഗത്ത് രാജ്യം ഉറ്റുനോക്കുന്ന കേരളത്തിൻ്റെ ഏറ്റവും മാതൃകാപരമായ ഇടപെടലാണ് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓർഗൺ ട്രാൻസ്പ്ലാൻറേഷൻ സ്ഥാപിക്കുന്നത് സാധ്യമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് ചേവായൂരിൽ ആരോഗ്യ വകുപ്പിന് കീഴിൽ സ്ഥാപിക്കുന്ന രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിയുടെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
അവയവമാറ്റ ആശുപത്രിയിലൂടെ സമാനതകളില്ലാത്ത സ്ഥാപനമാണ് യാഥാർത്ഥ്യമാകുന്നത്. ആരോഗ്യരംഗത്ത് നിരവധി മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന കാലത്ത് ഏറ്റവും പ്രധാനപ്പെട്ട അവയവമാറ്റ ശസ്ത്രക്രിയകൾ. സ്വകാര്യ മേഖലയിൽ വൻ തുകയാണ് ഇത് ചെലവാകുന്നത്. ഒരേ ശസ്ത്രക്രിയ തന്നെ ആശുപത്രി മാറിയാൽ ചെലവിൽ വലിയ മാറ്റങ്ങളുണ്ടാകുന്നു. പല കുടുംബങ്ങൾക്കും ഇത് താങ്ങാനാവുന്നില്ല. ഇത് പരിഗണിച്ചാണ് വിദഗ്ധരിൽനിന്ന് ഇങ്ങനെയൊരു ആശുപത്രിക്കുള്ള നിർദ്ദേശം വരുന്നത്. ആശുപത്രി സമയബന്ധിതമായി പൂർത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷ. ഇത് എല്ലാവരുടെയും പിന്തുണ വേണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
കേരളത്തിൻ്റെ ആരോഗ്യ മേഖലയുടെ ചരിത്രത്തിൽ നാഴികക്കല്ലാകുന്ന ദിവസമാണിതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. രാജ്യത്ത് ഇതുവരെ ഒരു അവയവമാറ്റം സംസ്ഥാന ആശുപത്രിയോ, ഗവേഷണ കേന്ദ്രമോ ഇല്ലാത്തതിനാൽ അതിൻ്റെ ആവശ്യകത മനസ്സിലാക്കിയാണ് സർക്കാർ ചേവായൂരിൽ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാൻറേഷൻ സ്ഥാപിക്കുന്നത്. വലിയ ചികിത്സാ ചെലവ് വരുന്ന അവയവ മാറ്റത്തിന് ആശുപത്രി യാഥാർത്ഥ്യമാകുന്നതോടെ കുറഞ്ഞ ചെലവിൽ അത്യാധുനിക സൗകര്യങ്ങൾ ലഭ്യമാകും. അവയവമാറ്റം കഴിഞ്ഞ രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയിൽ മരുന്നുകൾ ലഭ്യമാക്കാനുള്ള പ്രഖ്യാപനവും സർക്കാർ ഉടൻ നടത്തുമെന്ന് മന്ത്രി പറഞ്ഞു.
ശാസ്ത്ര, ഗവേഷണ, ചികിത്സാ മേഖലയിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളത്തിലുണ്ടായ മാറ്റം കണ്ണഞ്ചിപ്പിക്കുന്നതാണ്. ചികിത്സയുമായി ബന്ധപ്പെട്ട വലിയ സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് സാധാരണക്കാരെ ചേർത്തുപിടിച്ചാണ് സർക്കാർ മുന്നേറുന്നത്. ആർദ്രം മിഷൻ നടപ്പാക്കിയതോടെ കേരളത്തിലെ താലൂക്ക് ആശുപത്രികളിൽ ഡയാലിസിസ് സെൻ്ററുകൾ സ്ഥാപിക്കാൻ സർക്കാറിന് സാധിച്ചു. 12 ആശുപത്രികളിൽ മാത്രമായിരുന്ന ഡയാലിസിസ് സൗകര്യം ഇപ്പോൾ 125 കേന്ദ്രങ്ങളിലായെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, എം.കെ.രാഘവൻ എം.പി., മേയർ ഒ.സദാശിവൻ, തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, കെ.കെ.രമ, ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ്, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ.വി.വിശ്വനാഥൻ, ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ കെ.ജി.സജിത്ത് കുമാർ, ഡി.എം.ഒ ഡോ. കെ.കെ. രാജാറാം, ആരോഗ്യ കേരളം ഡി.പി.എം സി.കെ.ഷാജി, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാൻറേഷൻ സ്‌പെഷ്യൽ ഓഫീസർ ഡോ. ബിജു പൊറ്റക്കാട്ട് തുടങ്ങിയവർ പങ്കെടുത്തു.
ചേവായൂരിലെ ത്വക്ക് രോഗ ആശുപത്രി വളപ്പിലെ 20 ഏക്കർ സ്ഥലത്താണ് രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി സ്ഥാപിക്കുന്നത്. രണ്ടു ഘട്ടങ്ങളിലായി നിർമിക്കുന്ന ആശുപത്രിയുടെ ആദ്യഘട്ട പ്രവൃത്തികൾക്ക് 299 കോടി രൂപ ചെലവ്. ഇതിന് പുറമെ ഉപകരണങ്ങൾക്കായി 99 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ ഐ.സി.യു, എച്ച്.ഡി.യു സൗകര്യങ്ങൾ, ഡയാലിസിസ് സെൻ്റർ, 10 ഓപ്പറേഷൻ തിയേറ്ററുകൾ എന്നിവ ഉൾപ്പെടെ 350 കിടക്കകളുണ്ടാകും. 14 സ്പെഷ്യാലിറ്റി ഡിപ്പാർട്ട്മെൻ്റുകളും ഡിവിഷനുകളും ഉണ്ടാകും. എട്ട് നിലകളിലായാണ് നിർമ്മാണം. ട്രാൻസ്പ്ലാൻറേഷൻ മേഖലയിലെ ഉദ്യോഗസ്ഥർക്കും പാരാമെടിക്കൽ ജീവനക്കാർക്കുമുള്ള പരിശീലന കേന്ദ്രമായും ഗവേഷണ കേന്ദ്രമായും ഇത് പ്രവർത്തിക്കും. 31 അക്കാദമിക് കോഴ്സുകൾക്കും പദ്ധതിയുണ്ട്.
അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും എല്ലാ അവയവ മാറ്റ ശസ്ത്രക്രിയകളും ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ അത്യാധുനിക സൗകര്യങ്ങളോടെ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്. വർഷം തോറും 1,100 കോർണിയ ട്രാൻസ്പ്ലാൻ്റുകൾ, 520 വൃക്ക ട്രാൻസ്പ്ലാൻറുകൾ, 320 കരൾ ട്രാൻസ്പ്ലാൻറുകൾ, 15 ആന്ത്ര (ഇൻ്റസ്റ്റൈനൽ) ട്രാൻസ്പ്ലാൻറുകൾ, 15 പാൻക്രിയാസ് ട്രാൻസ്പ്ലാൻറുകൾ, 50 ഹൃദയ ട്രാൻസ്പ്ലാൻറുകൾ, 40 ശ്വാസകോശ ട്രാൻസ്പ്ലാൻ്റുകൾ, 120 ബോൺ മാരോ ട്രാൻസ്പ്ലാൻ്റുകൾ, 300 സോഫ്റ്റ്ടിഷ്യു/വൈറൽ/കൈ/എൽഎൽ/മുഖം ട്രാൻസ്പ്ലാൻറുകൾ എന്നിങ്ങനെ നടത്താനാണ് സാധ്യത. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് ആശുപത്രിയുടെ നിർമ്മാണം.












































