ന്യൂഡല്‍ഹി: ഒരു സ്ത്രീയെയും ഗര്‍ഭകാലം പൂര്‍ത്തീകരിക്കാന്‍ നിര്‍ബന്ധിക്കാനാവില്ലെന്ന് സുപ്രിംകോടതി. പ്രത്യുല്‍പാദനപരമായ സ്വയംനിര്‍ണയാവകാശം സ്ത്രീക്കുണ്ടെന്നും കോടതി പറഞ്ഞു. ഏഴ് മാസം പൂര്‍ത്തിയായ ഗര്‍ഭം അലസിപ്പിക്കണമെന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ആവശ്യം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്. ഗര്‍ഭകാലം പൂര്‍ത്തിയാക്കണോയെന്നത് സ്ത്രീയുടെ പ്രത്യുല്‍പാദനപരമായ സ്വാതന്ത്ര്യമാണെന്ന് ജസ്റ്റിസ് ബി.വി നാഗരത്‌ന, ജസ്റ്റിസ് ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
പ്രത്യേകിച്ചും, ഗര്‍ഭം അലസിപ്പിക്കണമെന്ന് സ്ത്രീ നിരന്തരം ആവശ്യപ്പെടുന്ന സാഹചര്യത്തില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പ്രസവിക്കാന്‍ ആഗ്രഹമില്ല എന്ന കാര്യമാണ് ഈ പ്രത്യേക കേസില്‍ പരിഗണിക്കേണ്ടതെന്നും കോടതി പറഞ്ഞു. ആഗ്രഹിക്കാതെയുള്ള ഗര്‍ഭധാരണമാണെന്ന് പെണ്‍കുട്ടി പറഞ്ഞിട്ടുണ്ട്. കോടതിക്ക് ഒരു സ്ത്രീയെയും, പ്രത്യേകിച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ, ഗര്‍ഭകാലം പൂര്‍ത്തിയാക്കാന്‍ നിര്‍ബന്ധിക്കാനാവില്ല -കോടതി പറഞ്ഞു.
ധാര്‍മികവും നിയമപരവുമായ സങ്കീര്‍ണതകള്‍ ഉള്ള കേസാണിതെന്ന് ജസ്റ്റിസ് നാഗരത്‌ന ചൂണ്ടിക്കാട്ടി. ഒരു കുഞ്ഞ് ജനിക്കുക എന്നത് ഒരു പുതിയ ജീവിതം സൃഷ്ടിക്കലാണ്. എന്നാല്‍, ഈ പ്രത്യേക കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് ഗര്‍ഭം തുടരാന്‍ താല്‍പര്യമില്ല എന്നതിനാണ് പ്രാധാന്യം നല്‍കേണ്ടത് -കോടതി പറഞ്ഞു. കുട്ടിക്ക് എല്ലാ സുരക്ഷിത മാര്‍ഗങ്ങളും അവലംബിച്ച് ഗര്‍ഭഛിദ്രം നടപ്പാക്കാന്‍ മുംബൈയിലെ ജെ.ജെ ആശുപത്രിക്ക് കോടതി നിര്‍ദേശം നല്കി.















































