തിരുവല്ല: ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ട് സ്പായിലെത്തിയ ആറംഗ സംഘം ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനു നേരെ വളർത്തുനായയെ അഴിച്ചുവിട്ട് ഒന്നാം പ്രതി മരണ സുബിൻ. കുറ്റപ്പുഴ പാപ്പാനവേലിൽ സുബിൻ അലക്സാണ്ടർ ചാക്കോ (29) എന്ന മരണ സുബിനാണ് തിരുവല്ല എസ്ഐ ഉണ്ണിക്കൃഷ്ണൻ, സിപിഒ അഭിലാഷ് എന്നിവർക്ക് നേരെ വളർത്തുനായയെ അഴിച്ചുവിട്ടത്. എന്നാൽ പിൻതിരിയാതെ ബലപ്രയോഗത്തിലൂടെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു പോലീസ്. മറ്റൊരു പ്രതി തിരുവല്ല മുപ്പിരിയിൽ ബെർലിൻ ദാസിനെയും (38) അറസ്റ്റ് ചെയ്തു. എന്നാൽ നാലു പേർ ഒളിവിലാണ്. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണു അന്വേഷണം.
തിരുവല്ല മഞ്ഞാടിയിൽ ഈ മാസം ഒന്നിന് ഉച്ചയ്ക്ക് 3.30നാണ് ക്രൂര സംഭവം അരങ്ങേറിയത്. കാപ്പാ കേസ് പ്രതിയായിരുന്ന ‘മരണ സുബിനും മറ്റ് അഞ്ചംഗ സംഘവും പല തവണ സ്‌പായിലെത്തി ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ടിരുന്നു. ഇത്തവണ 50,000 രൂപ നൽകണമെന്നായിരുന്നു ഭീഷണി. എന്നാൽ ഈ ആവശ്യം സ്പാ ഉടമ ആവശ്യം തള്ളി. തുടർന്ന് സ്ഥാപനത്തിലെത്തിയ സംഘം ഭീഷണിക്ക് ശേഷം ഒരു ജീവനക്കാരിയെ ആദ്യം രണ്ടു പേർ ചേർന്നു ബലമായി ഉപദ്രവിച്ചു. പിന്നീട് വലിച്ചിഴച്ച് മുറിക്കുള്ളിലേക്ക് കൊണ്ടുപോയി കഴുത്തിൽ കത്തി വച്ച ശേഷം പീഡിപ്പിച്ചെന്നാണ് എഫ്ഐആറിൽ പറയുന്നത്. ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചു. പിന്നീട് സ്പായിലെത്തിയ ഒരാളെയും ജീവനക്കാരിയെയും ഒപ്പം നിർത്തി സംഘം ദൃശ്യങ്ങൾ പകർത്തി.
ഇതിനിടെ വേറൊരു ജീവനക്കാരിയുടെ കൈയിലുണ്ടായിരുന്ന 2500 രൂപയും കൈക്കലാക്കിയാണ് സുബിനും സംഘവും സ്ഥലംവിട്ടത്. സംഭവം പുറത്തു പറഞ്ഞാൽ കൊന്ന് കളയുമെന്നായിരുന്നു ഭീഷണി. പിറ്റേന്നാണ് പോലീസ് വിവരമറിയുന്നത്. പ്രതികൾ ഭീഷണിപ്പെടുത്തിയതിനാൽ സ്ഥാപനത്തിന്റെ ഭാഗത്തുനിന്ന് തുടക്കത്തിൽ പരാതി നൽകാൻ തയാറായിരുന്നില്ല. എന്നാൽ 3–ാം തീയതി പോലീസ് കേസെടുത്ത് രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തു. മറ്റു പ്രതികൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കി.
രണ്ടു പ്രതികളും നിലവിൽ റിമാൻഡിലാണ്. കേസിലെ ഒന്നാം പ്രതിയായ സുബിൻ കൊലപാതക ശ്രമമടക്കം 11 കേസുകളിൽ പ്രതിയും, റൗഡി ലിസ്റ്റിലും, കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിൽ കഴിഞ്ഞിരുന്ന ആളുമാണ്. ഈയടുത്താണ് ജാമ്യത്തിലിറങ്ങിയത്. ബെർലിൻ ദേഹോപദ്രവക്കേസിൽ പ്രതിയാണ്.














































