ഹരാരെ: ലോകകപ്പ് ഫൈനൽ വേദിയിൽ അടിച്ചെടുത്ത സെഞ്ച്വറിയിലൂടെ പുതു ചരിതങ്ങൾ കുറിച്ചിരിക്കുകയാണ് വൈഭവ് സൂര്യവംശിയെന്ന 14 കാരൻ. അപരാജിതരായി ഫൈനലിലേക്കിറങ്ങിയ ഇംഗ്ലണ്ട് നിരയെ നിലംപരിശാക്കിയത് വൈഭവ് എന്ന ഒറ്റൊയൊരുത്തനാണെന്നു പറയാം. ഫൈനലിൽ ബാറ്റ് വീശിയ താരം 55 പന്തിലാണ് വൈഭവ് 100 റൺസ് അടിച്ചെടുത്തത്. ഇതോടെ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ അതിവേഗം സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോർഡ് വൈഭവിന്റെ പോക്കറ്റിലായി. കൂടാതെ അണ്ടർ 19 ലോകകപ്പിൽ നേടുന്ന അതിവേഗ സെഞ്ച്വറിയും വൈഭവിന്റെ പേരിലാണ്. അണ്ടർ 19 ലോകകപ്പ് ഫൈനലിൽ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമെന്ന റെക്കോർഡും വൈഭവിനെ തേടിയെത്തി.
അതുപോലെ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ 150 റൺസിന് മുകളിൽ വ്യക്തിഗത സ്‌കോർ നേടുന്ന ആദ്യ താരമെന്ന നേട്ടവും വൈഭവ് സ്വന്തം പേരിലെഴുതി. കൂടാതെ അണ്ടർ 19 ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്‌സർ അടിച്ച താരവും വൈഭവ് തന്നെയാണ്. ഈ ടൂർണമെന്റിൽ 26 സിക്‌സുകളാണ് താരം ആകെ അടിച്ചെടുത്തത്. ഫൈനലിൽ 175 റൺസാണ് കുട്ടിത്താരം ഒറ്റയ്ക്ക് അടിച്ചെടുത്തത്.

ഇതോടെ അപരാജിതക്കുതിപ്പുമായി ആയുഷ് മാത്രെയും സംഘവും കിരീടത്തിൽ മുത്തമിട്ടു. ഫൈനലിലേക്കുള്ള യാത്രയെടുത്തുനോക്കിയാൽ ചിരവൈരിയായ പാക്കിസ്ഥാനും കൂടെ ബംഗ്ലാദേശിനും കണക്കിന് മറുപടി കൊടുത്ത് മുന്നേറിയാണ് ഇന്ത്യൻ കൗമാരപ്പട കലാശപ്പോരിലേക്കെത്തിയത്.
അതേസമയം തകർപ്പൻ ജയത്തോടെയാണ് ഇന്ത്യ അണ്ടർ-19 ലോകകപ്പ് ടൂർണമെന്റ് തുടങ്ങിയത്. യുഎസിനെതിരേ ആധികാരിക വിജയമാണ് ആയുഷ് മാത്രെയും സംഘവും സ്വന്തമാക്കിയത്. അവിടെ ആറുവിക്കറ്റിന് ഇന്ത്യയുടെ കൗമാരപ്പട ജയിച്ചുകയറിയോടെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
പിന്നീട് ബംഗ്ലാദേശിനെതിരായ രണ്ടാം മത്സരത്തിൽ ത്രില്ലർ പോരിനൊടുക്കമാണ് ആയുഷ് മാത്രെയും സംഘവും വിജയത്തിലെത്തിയത്. മഴ രസംകൊല്ലിയായെത്തിയ മത്സരത്തിൽ 18 റൺസിനായിരുന്നു ജയം. ഇന്ത്യക്കായി വൈഭവ് സൂര്യവംശിയും അഭിഗ്യാനും അർധ സെഞ്ചുറി നേടി തിളങ്ങി. ഇന്ത്യൻ ബൗളിങ് നിരയുടെ കരുത്ത് ചോർന്നിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു മൂന്നാം മത്സരവും. ന്യൂസിലൻഡിനെതിരായ മത്സരത്തിലും എതിരാളികളുടെ പത്ത് വിക്കറ്റും ഇന്ത്യൻ ബൗളർമാർ വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് 36.2 ഓവറിൽ 135 റൺസിന് ഓൾഔട്ടായി. ആർ.എസ്. ആംബ്രിഷ് നാലുവിക്കറ്റും ഹെനിൽ പട്ടേൽ മൂന്ന് വിക്കറ്റുമെടുത്തു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യയുടെ വിജയലക്ഷ്യം 37 ഓവറിൽ 130 റൺസായി പുനർനിശ്ചയിച്ചു. തകർത്തടിച്ച ഇന്ത്യൻ സംഘം വെറും 13.3 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ക്യാപ്റ്റൻ ആയുഷ് മാത്രെയുടെയും വൈഭവ് സൂര്യവംശിയുടെയും കടന്നാക്രമണമാണ് ജയം എളുപ്പമാക്കിയത്. 27 പന്തിൽ നിന്ന് ആറു സിക്‌സും രണ്ട് ഫോറുമടക്കം 53 റൺസെടുത്ത മാത്രെയാണ് ടോപ് സ്‌കോറർ. 23 പന്തുകൾ നേരിട്ട വൈഭവ് 40 റൺസെടുത്തു. മൂന്ന് സിക്‌സും രണ്ട് ഫോറുമടങ്ങുന്നതായിരുന്നു വൈഭവിന്റെ ഇന്നിങ്‌സ്. ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം ഏഴു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ഇതോടെ ഗ്രൂപ്പ് ബിയിൽ മൂന്നു മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് ജേതാക്കളായി ഇന്ത്യ സൂപ്പർ സിക്‌സിലെത്തി.
സൂപ്പർ സിക്സിലും ഇന്ത്യൻ കൗമാരപ്പടയുടെ തേരോട്ടമാണ് കണ്ടത്. റൗണ്ടിലെ ആദ്യ മത്സരത്തിൽ സിംബാബ്‌വേയെ ഇന്ത്യ തകർത്തെറിഞ്ഞു. സൂപ്പർ സിക്‌സിലെ രണ്ടാം മത്സരം എതിരാളികളായ പാക്കിസ്ഥാനെ 58 റൺസിന് കീഴടക്കി ഇന്ത്യ ആധികാരികമായി സെമിയിലേക്ക് കുതിച്ചുകയറി. ഫലമോ തോൽവിയോടെ പാക്കിസ്ഥാൻ പുറത്തേക്ക്. സെമിയിൽ അഫ്ഗാനിസ്ഥാനായിരുന്നു എതിരാളികൾ. ഇന്ത്യക്ക് മുന്നിൽ 311 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം ഉയർത്തിയ അഫ്ഗാനെ അതേ നാണയത്തിൽ ഇന്ത്യൻ ബാറ്റർമാർ മറുപടി കൊടുത്തു. ബാറ്റെടുത്തവരെല്ലാം തകർത്തടിച്ചതോടെ 311 റൺസെന്ന കൂറ്റൻ ലക്ഷ്യം ടീം അനായാസം മറികടന്നു. 41.1 ഓവറിൽ വെറും മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ ജയത്തിലെത്തി. ഇതോടെ ഇന്ത്യ ഫൈനലിലേക്ക്…. അവിടെ 175 റൺസിന്റെ മിന്നും ഇന്നിങ്സുമായി വൈഭവ് മുന്നിൽ നിന്ന് നയിച്ചപ്പോൾ ആറാം ലോകകിരീടം ഇന്ത്യൻ മണ്ണിലേക്ക്…
ആറാം ലോക കിരീടം ചൂടി ഇന്ത്യൻ കൗമാരപ്പട, ഇംഗ്ലണ്ടിന്റെ കിരീടമോഹം തകർത്തത് 100 റൺസിന്
















































