ന്യൂഡൽഹി: സംസ്ഥാനത്തെ റെയിൽവേ വികസനത്തിന് സംസ്ഥാന സർക്കാർ ഭൂമിയേറ്റെടുക്കാത്തതാണ് പ്രധാന തടസ്സമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. വർഷങ്ങളോളം നിശ്ചലമായിക്കിടന്ന അങ്കമാലി-ശബരിമല റെയിൽവേ പാതാ പദ്ധതിയ്ക്കായുള്ള ഭൂമി ഏറ്റെടുക്കൽ സംസ്ഥാന സർക്കാർ ആരംഭിച്ചത് കേന്ദ്രത്തിന്റെ നിരന്തര ഇടപെടലിനെത്തുടർന്നാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷവും ഭൂമിയേറ്റെടുക്കൽ തടസ്സമില്ലാതെ തുടരുമെന്നാണ് കേന്ദ്ര സർക്കാർ പ്രതീക്ഷിക്കുന്നത്. ഈ പദ്ധതി വേഗത്തിൽ നടപ്പിലാക്കണമെന്നതാണ് കേന്ദ്ര സർക്കാരിന്റെ താൽപ്പര്യമെന്നും, എൻഡിഎ സർക്കാർ കേരളത്തിൽ അധികാരത്തിൽ വരികയാണെങ്കിൽ ഈ പദ്ധതി പൂർത്തീകരിക്കുമെന്ന് ഉറപ്പാക്കുമെന്നും റെയിൽവേ മന്ത്രി പറഞ്ഞു.
റെയിൽവേ പദ്ധതികൾക്ക് ആവശ്യമായ ഭൂമിയുടെ 14% മാത്രമാണ് ഇതുവരെ ലഭ്യമായിട്ടുള്ളതെന്നും ഭൂമി ഏറ്റെടുക്കൽ പ്രക്രിയ വേഗത്തിലാക്കാൻ എംപിമാരും സംസ്ഥാന സർക്കാരും സഹകരിക്കണമെന്നും അശ്വിനി വൈഷ്ണവ് അഭ്യർത്ഥിച്ചു. ഈ ബജറ്റിൽ കേരളത്തിലെ റെയിൽവേ വികസനത്തിനായി 3,795 കോടി രൂപ എന്ന റെക്കോർഡ് തുക അനുവദിച്ചിട്ടുണ്ട്. ഇത് കോൺഗ്രസ് ഭരണകാലത്ത് നൽകിയിരുന്ന തുകയുടെ പത്തിരട്ടിയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
കേരളത്തിലെ റെയിൽവേ പാതകളുടെ ശേഷി ഇരട്ടിയായി വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വിപുലമായ പദ്ധതികളാണ് കേന്ദ്ര സർക്കാർ ഏറ്റെടുത്തിരിക്കുന്നത്. ഇത് ജനങ്ങളുടെ യാത്രയിൽ വലിയ മാറ്റം കൊണ്ടുവരും. മംഗളൂരു-ഷൊർണൂർ മൂന്നും നാലും പാതകൾക്കായി ഡിപിആർ തയ്യാറാക്കി വരികയാണ്, സർവേ പൂർത്തിയായിക്കഴിഞ്ഞു. ഷൊർണൂർ-കോയമ്പത്തൂർ & ഷൊർണൂർ-എറണാകുളം പാതകളുടെ ഫീൽഡ് സർവേ പൂർത്തിയായി, ഡിപിആർ തയ്യാറാക്കുന്ന ജോലികൾ അവസാന ഘട്ടത്തിലാണ്. എറണാകുളം-കായംകുളം പാത മൂന്നാംവരിയുടെ ട്രാഫിക് സർവേ പൂർത്തിയായി, ഫീൽഡ് സർവേ നടക്കുന്നു .കായംകുളം-തിരുവനന്തപുരം പാത മൂന്നാം വരിയുടെ സർവേ കഴിഞ്ഞ് അലൈൻമെന്റ് നിശ്ചയിക്കുന്നുവെന്നും മന്ത്രി വിശദീകരിച്ചു.
സിൽവർ ലൈൻ പദ്ധതിക്ക് വലിയ പരിസ്ഥിതി ആഘാതമുണ്ടെന്നും അത് പ്രായോഗികമല്ലെന്നും അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. അതേസമയം തന്നെ സംസ്ഥാന സർക്കാർ താത്പര്യം കാണിക്കുകയാണെങ്കിൽ അതിവേഗ പാത പുനഃപരിശോധിക്കാൻ കേന്ദ്രം തയ്യാറാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം അതിൽ വ്യക്തമായ ഒരു പരാമർശം നടത്താൻ റെയിൽവേ മന്ത്രി തയ്യാറായില്ല.
മെട്രോമാൻ ഇ. ശ്രീധരൻ ഹൈ സ്പീഡ് റെയിൽവേ പ്രോജക്റ്റിനായി ഓഫീസ് തുറന്നതിനെ മന്ത്രി സ്വാഗതം ചെയ്തു. ബജറ്റിൽ പ്രഖ്യാപിച്ച ഏഴ് പുതിയ ഹൈ സ്പീഡ് കോറിഡോറുകളെക്കുറിച്ച് താൻ ഇ. ശ്രീധരന്റെ ഉപദേശം തേടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.രാജ്യസഭയിൽ ജോൺബ്രിട്ടാസ്, ഹാരീസ് ബീരാൻ തുടങ്ങിയവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പരാമർശിച്ചത്.















































