ലഖ്നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ, മൊബൈലിന്റ അമിത ഉപയോഗവും ഓൺലൈൻ ഗെയിമിലുള്ള അഡിക്ഷനും മാതാപിതാക്കൾ എതിർത്തതിനെ തുടർന്ന് മൂന്ന് സഹോദരിമാർ ഫ്ലാറ്റിന്റെ ഒമ്പതാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കിയതായി റിപ്പോർട്ട്. സഹോദരിമാരായ നിഷിക (16), പ്രാചി (14), പാഖി (12) എന്നിവരാണ് മരിച്ചത്.
കുട്ടികൾ കൊറിയൻ ഓൺലൈൻ ഗെയിമുകൾക്ക് അടിമകളായിരുന്നെന്നും അമിതമായ ഓൺലൈൻ ഗെയിമിങ് ശീലത്തെ മാതാപിതാക്കൾ എതിർത്തതിനെ തുടർന്നാണ് കുട്ടികൾ ജീവനൊടുക്കിയത്. പുലർച്ചെ 2.30 ന് ഭാരത് സിറ്റി ഏരിയയിലാണ് ദാരുണസംഭവം.
“അമ്മേ, അച്ഛാ, ക്ഷമിക്കണം”എന്ന കുട്ടികളെഴുതിയ ഒരു പേജ് വരുന്ന കുറിപ്പ് കണ്ടു കിട്ടിയതായി പോലീസ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ കുട്ടികൾ മൊബൈൽ ഫോണുകളിൽ ധാരാളം സമയം ചെലവഴിച്ചിരുന്നതായും കൊറിയൻ ഓൺലൈൻ ടാസ്ക് അടിസ്ഥാനമാക്കിയുള്ള ഗെയിമിങ് ആപ്പിൽ ഉൾപ്പെട്ടിരുന്നെന്നും കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.
അതേസമയം സംഭവത്തിൽ പോലീസ് കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു. പെൺകുട്ടികളുടെ മൊബൈൽ ഫോണുകളും അവരുടെ ഡിജിറ്റൽ പ്രവർത്തനങ്ങളും പോലീസ് പരിശോധിച്ച് വരികയാണ്. ഓൺലൈൻ സംഭാഷണങ്ങളും ആപ്പ് ഉപയോഗ ചരിത്രവും വിശകലനം ചെയ്യാൻ സൈബർ വിദഗ്ദ്ധരുടെ സഹായം തേടിയേക്കുമെന്നും അവർ പറഞ്ഞു.















































