തിരുവനന്തപുരം: കെ എസ് ആർ ടി സി ബസുകളിൽ ക്യാൻസർ രോഗികൾക്ക് സമ്പൂർണ സൗജന്യ യാത്ര പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. നിയമസഭയിലാണ് മന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. സൂപ്പർഫാസ്റ്റ് മുതൽ താഴോട്ടുള്ള എല്ലാ കെ എസ് ആർ ടി സി ബസുകളിലും ക്യാൻസർ രോഗികൾക്ക് സമ്പൂർണ സൗജന്യ യാത്ര അനുവദിക്കുമെന്ന് ഗണേഷ് കുമാർ വ്യക്തമാക്കി.
സ്വകാര്യ ആശുപത്രികളിൽ ചികിത്സക്ക് എത്തുന്നവർക്കും യാത്ര സൗജന്യമായിരിക്കും. കെ എസ് ആർ ടി സി ഡയറക്ടർ ബോർഡ് ഇന്ന് തന്നെ തീരുമാനം എടുത്തു പ്രഖ്യാപനം നടത്തുമെന്നും മന്ത്രി വിവരിച്ചു. സഭയിലെ പ്രഖ്യാപനത്തിനിടെ ബഹളമുണ്ടാക്കിയ പ്രതിപക്ഷത്തെ മന്ത്രി രൂക്ഷമായി വിമർശിച്ചു.
കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെ എസ് ആർ ടി സി) ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം (ഓപ്പറേറ്റിംഗ് റവന്യു) സ്വന്തമാക്കിയതിന്‍റെ വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഒക്ടോബർ ആറാം തിയതിയാണ് കെ എസ് ആർ ടി സിയുടെ ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന കളക്ഷനായ 9.41 കോടി രൂപ നേട്ടം സ്വന്തമായത്.
2025 സെപ്റ്റംബർ 8-ാം തീയതിയാണ് എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ 10.19 കോടി രൂപ കെ എസ് ആർ ടി സി നേടിയത്. ജീവനക്കാരുടെയും, സൂപ്പർവൈസർമാരുടെയും, ഓഫീസർമാരുടെയും ഏകോപിതമായ പരിശ്രമങ്ങളിലൂടെയാണ് തുടർച്ചയായി മികച്ച വരുമാനം നേടി മുന്നേറുന്നതിന് സഹായകരമാകുന്നതെന്ന് കെ എസ് ആർ ടി സി അറിയിച്ചു.