പത്താൻകോട്ട്: ഇന്ത്യൻ സൈന്യത്തിന്റെ നീക്കങ്ങൾ നിരീക്ഷിച്ച് വിവരങ്ങൾ പാകിസ്താനിലേക്ക് കൈമാറിയെന്നാരോപിച്ച് യുവാവിനെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. പത്താൻകോട്ട്–ജമ്മു ദേശീയപാത 44-ലെ പാലത്തിനുസമീപമുള്ള കടയിൽ സിസിടിവി ക്യാമറ സ്ഥാപിച്ച് സൈനിക വാഹനങ്ങളുടെ സഞ്ചാരം പകർത്തിയ ബൽജിത് സിങ് എന്ന ബിട്ടുവാണ് പിടിയിലായത്. ചക് ധരിവാൾ സ്വദേശിയാണ് ഇയാൾ.
സൈനിക വാഹനങ്ങളുടെ വരവ്–പോക്ക് നിരീക്ഷിക്കുന്നതിനായാണ് ക്യാമറ സ്ഥാപിച്ചതെന്ന് പോലീസ് അറിയിച്ചു. ഇന്റർനെറ്റ് സൗകര്യം ഉപയോഗിച്ച് ദൃശ്യങ്ങൾ പാകിസ്താനിലെയും മറ്റു വിദേശരാജ്യങ്ങളിലെയും ഏജന്റുമാർക്ക് തത്സമയം കൈമാറിയിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായതായി സീനിയർ പോലീസ് ഓഫീസർ ദൽജീന്ദർ സിങ് ധില്ലൺ പറഞ്ഞു.
ദുബായിൽ താമസിക്കുന്ന ഒരാളുടെ നിർദേശപ്രകാരമാണ് ജനുവരിയിൽ ക്യാമറ സ്ഥാപിച്ചതെന്ന് പ്രതി ചോദ്യംചെയ്യലിൽ സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി. ഇതിനായി 40,000 രൂപ പ്രതിഫലമായി ലഭിച്ചതായും ഇയാൾ മൊഴിനൽകി. പ്രതിയിൽനിന്ന് സിസിടിവി ക്യാമറയും വൈഫൈ റൂട്ടറും പോലീസ് പിടിച്ചെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് വിക്രംജിത് സിങ്, ബൽവീന്ദർ സിങ്, തരൺപ്രീത് സിങ് എന്നിവർക്കെതിരെയും ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കു കേസെടുത്തിട്ടുണ്ട്.
ഇതിനുമുമ്പ് സമാനരീതിയിൽ പ്രവർത്തിച്ച രണ്ട് ചാരശൃംഖലകളെ കഴിഞ്ഞ മാസം പഞ്ചാബ് പോലീസ് പിടികൂടിയിരുന്നു. ഐ.എസ്.ഐ പിന്തുണയോടെ പ്രവർത്തിച്ചിരുന്ന ഇവർ ചൈനീസ് നിർമിത സോളാർ സിസിടിവി ക്യാമറകൾ ഉപയോഗിച്ചാണ് സൈനികകേന്ദ്രങ്ങളുടെ ദൃശ്യങ്ങൾ ചോർത്തിയിരുന്നതെന്ന് പോലീസ് വ്യക്തമാക്കി.
സോളാർ പാനലും 4ജി കണക്റ്റിവിറ്റിയും ഉൾപ്പെട്ട അത്യാധുനിക ക്യാമറകൾക്ക് പ്രത്യേക വയറിങ് ആവശ്യമില്ലാത്തതിനാൽ രഹസ്യമായി സ്ഥാപിക്കാൻ എളുപ്പമാണെന്ന് ഡി.ജി.പി ഗൗരവ് യാദവ് പറഞ്ഞു.
ജലന്ധർ, കപുർത്തല മേഖലകളിലുണ്ടായ അന്വേഷണത്തിൽ സുഖ്‌വീന്ദർ സിങ്, സോന, സന്ദീപ് സിങ് എന്നിവരെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സന്ദീപ് സിങ് ഡ്രോൺ വഴി ലഹരിമരുന്ന് കടത്തുന്ന സംഘവുമായി ബന്ധപ്പെട്ടിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. വിദേശബന്ധങ്ങളും സാമ്പത്തിക ഇടപാടുകളും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.



















































