തിരുവനന്തപുരം: കോട്ടയം എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ പതിനാറാം കേരള നിയമസഭയുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. 101 വോട്ടുകളുടെ പിന്തുണയോടെയാണ് അദ്ദേഹം വിജയിച്ചത്. സിപിഎമ്മിന്റെ സ്ഥാനാർഥിയായ എ.സി മൊയ്തീൻ 35 വോട്ടുകളും ബിജെപി സ്ഥാനാർഥിയായ ബി. ബി. ഗോപകുമാർ മൂന്ന് വോട്ടുകളും നേടി.
ആകെ 139 അംഗങ്ങളാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. പ്രോ ടേം സ്പീക്കറായതിനാൽ ജി.സുധാകരൻ വോട്ട് രേഖപ്പെടുത്തിയില്ല. മുഖ്യമന്ത്രി വി.ി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും ചേർന്നാണ് തിരുവഞ്ചൂരിനെ സ്പീക്കർ കസേരയിലേക്ക് ആനയിച്ചത്.
സംസ്ഥാന നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് മൂന്ന് രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർഥികൾ സ്പീക്കർ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. എൽഡിഎഫിനുവേണ്ടി എ.സി. മൊയ്തീനും എൻഡിഎയ്ക്കുവേണ്ടി ബി.ബി. ഗോപകുമാറുമായിരുന്നു മത്സരരംഗത്തുണ്ടായത്.
സഭയിലെ മുതിർന്ന അംഗവും അമ്പലപ്പുഴ എംഎൽഎയുമായ ജി. സുധാകരനായിരുന്നു പ്രോ ടേം സ്പീക്കർ. അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായിരുന്നു തിരഞ്ഞെടുപ്പ് നടപടികൾ.
തിരുവഞ്ചൂർ രാധാകൃഷ്ണനെ സ്പീക്കർ സ്ഥാനത്തേക്ക് നാമനിർദേശം ചെയ്ത് നാല് പത്രികകളാണ് സമർപ്പിച്ചത്. ആദ്യ പത്രികയിൽ വി.ഡി. സതീശൻ നിർദേശകനായപ്പോൾ സണ്ണി ജോസഫ് പിന്താങ്ങി. രണ്ടാമത്തെ പത്രിക പി.കെ. കുഞ്ഞാലിക്കുട്ടി നിർദേശിക്കുകയും പി.കെ. ബഷീർ പിന്താങ്ങുകയും ചെയ്തു. മൂന്നാമത്തെ പത്രിക മോൻസ് ജോസഫ് നിർദേശിക്കുകയും അനൂപ് ജേക്കബ് പിന്താങ്ങുകയും ചെയ്തു. നാലാമത്തെ പത്രിക ഷിബു ബേബി ജോൺ സമർപ്പിച്ചപ്പോൾ സി.പി. ജോൺ പിന്താങ്ങി.
എ.സി. മൊയ്തീനെ നാമനിർദേശം ചെയ്ത ആദ്യ പത്രികയിൽ പിണറായി വിജയൻ നിർദേശകനായപ്പോൾ കെ. രാജൻ പിന്തുണ നൽകി. രണ്ടാമത്തെ പത്രികയിൽ കെ.എൻ. ബാലഗോപാൽ നിർദേശകനും പി.കെ. പ്രവീൺ പിന്തുണക്കാരനുമായിരുന്നു.
ബി.ബി. ഗോപകുമാറിന്റെ സ്ഥാനാർഥിത്വ പത്രികയിൽ രാജീവ് ചന്ദ്രശേഖർ പേര് നിർദേശിക്കുകയും വി. മുരളീധരൻ പിന്താങ്ങുകയും ചെയ്തു.



















































