കൽപ്പറ്റ: വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനം തുടരുമെന്ന് മന്ത്രിമാരായ ടി. സിദ്ധീഖും അനിൽ കുമാറും വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദുരന്തസ്ഥലം സന്ദർശിച്ച ശേഷമാണ് മന്ത്രിമാർ സ്ഥിതിഗതികൾ വിശദീകരിച്ചത്.
അങ്ങേയറ്റം വേദനാജനകമായ ദുരന്തമാണെന്നും ഇത്തവണ മഴക്ക് മുൻപ് തന്നെ എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിരുന്നുവെന്നും മന്ത്രി അനിൽകുമാർ പറഞ്ഞു. രക്ഷാ പ്രവർത്തനത്തിന് എല്ലാവർക്കും ഉടനെ തന്നെ എത്താൻ കഴിഞ്ഞിട്ടുണ്ട്. കാലാവസ്ഥ പ്രതികൂലമാകുന്നത് വരെയുള്ള രക്ഷാപ്രവർത്തനം രാത്രിയിൽ തുടരുമെന്നും കമ്പനി പറഞ്ഞ കണക്ക് പ്രകാരം 5 ആളുകൾ മിംസ്സിംഗ് ആണെന്നും മന്ത്രി അറിയിച്ചു. മധ്യപ്രദേശ് സ്വദേശി ചന്ദ്രഭാൻ, ബിഹാർ സ്വദേശി വികാസ് കുമാർ, ജാർഖണ്ഡ് സ്വദേശി അന്മോൾ എന്നിവരാണ് മരിച്ചത്. വിക്രം, രാഹുൽ, മുഹമ്മദ് ഇമ്രാൻ, രാകേഷ്, അസറുദ്ദീൻ അൻസാരി എന്നിവരെയാണ് കാണാതായത്.
റോഡ് ഗതാഗതയോഗ്യമാക്കാനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ദുരന്തമേഖലയെ നാല് സോണുകളായി തിരിച്ച് ശാസ്ത്രീയ പരിശോധന നടത്തും. കഡാവർ നായ്ക്കളെ ഉൾപ്പെടെ വിന്യസിക്കുമെന്നും സന്നദ്ധപ്രവർത്തകരുടെ സേവനവും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
മരിച്ചവരുടെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി. മൃതദേഹങ്ങൾ സ്വദേശങ്ങളിലേക്ക് എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കും. രണ്ട് പേർ ഐസിയുവിൽ ചികിത്സയിലാണെന്നും, ഒരാളുടെ നില ഗുരുതരമാണെന്നും മന്ത്രി അറിയിച്ചു. ഇന്ന് ദുരന്തസ്ഥലത്ത് വിശദമായ പരിശോധന നടത്തുന്നതിനാൽ മണ്ണിടിച്ചിൽ നടന്ന സ്ഥലത്തേക്കുള്ള പ്രവേശനം നിയന്ത്രിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

















































