പത്തനംതിട്ട: മദ്യലഹരിയിൽ അപകടകരമായി പൊലീസ് ജീപ്പ് ഓടിച്ചെന്ന പരാതിയിൽ പത്തനംതിട്ട ഡിവൈഎസ്പിക്ക് കീഴിലുള്ള ഡാൻസാഫ് സംഘത്തിലെ ഉദ്യോഗസ്ഥർക്കെതിരെ വിവാദം. സംഭവത്തിനിടെ വനിതാ ഓട്ടോ ഡ്രൈവർ തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.
നിയന്ത്രണം വിട്ട് ജീപ്പ് ഓടിച്ചതിനെ തുടർന്ന് നാട്ടുകാർ വാഹനം തടഞ്ഞുനിർത്തുകയും മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. ഇതിനിടെ വാഹനത്തിലുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥൻ ഇറങ്ങി ഓടിപ്പോയതായും ദൃക്‌സാക്ഷികൾ പറയുന്നു.
തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് വാഹനം ഓടിച്ചിരുന്ന ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്തു. ഇയാളെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

















































