വാഷിങ്ടൻ: ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനിയെ വിടാതെ പിൻതുടർന്ന് അപമാനിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മെലോനിക്ക് തന്നോടു കടുത്ത ആരാധനയാണെന്ന് അവകാശപ്പെട്ടുകൊണ്ട് എഡിറ്റു ചെയ്ത ഫോട്ടോ ട്രൂത്ത് സോഷ്യലിൽ പങ്കുവച്ചിരിക്കുകയാണ് ട്രംപ്. ‘നിരോധന ഉത്തരവ് ആവശ്യമാണ്’ എന്ന തലക്കെട്ടും ചേർത്താണു ചിത്രം പുറത്തുവിട്ടത്. 49കാരിയായ മെലോനി ട്രംപിന്റെ മുഖത്തേക്കു ചിരിയോടെ നോക്കിനിൽക്കുന്ന ചിത്രമാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവച്ചത്.
അതേസമയം ഈ ചിത്രം എഡിറ്റു ചെയ്തതാണെന്ന് വ്യക്തമാണ്. യുഎസ് മുൻ പ്രസിഡന്റ് ബറാക് ഒബാമയും ഭാര്യ മിഷേൽ ഒബാമയും എയർഫോഴ്സ് വൺ വിമാനത്തിന്റെ വാതിലിൽനിന്ന് കൈവീശുന്ന ചിത്രത്തിനൊപ്പമാണ് മെലോനിയുടെയും തന്റെയും ചിത്രങ്ങൾ ട്രംപ് എഡിറ്റ് ചെയ്ത് ചേർത്തിട്ടുള്ളത്.
തുർക്കിയിൽ നടക്കാനിരിക്കുന്ന നാറ്റോ ഉച്ചകോടിക്കു മുൻപായാണ് ട്രംപിന്റെ പുതിയ പോസ്റ്റെത്തിയിരിക്കുന്നത്. ഉച്ചകോടിയിൽവച്ച് ട്രംപും മെലോനിയും വീണ്ടും കണ്ടുമുട്ടുമെന്നാണ് കരുതുന്നത്. അതേസമയം ഫ്രാൻസിൽവച്ച് കഴിഞ്ഞമാസം നടന്ന ജി–7 ഉച്ചകോടിക്കിടെ ട്രംപും മെലോനിയും തമ്മിൽ വാക്പോരും അധിക്ഷേപങ്ങളും നടന്നിരുന്നു. ജി–7 സമ്മേളനത്തിനിടെ തനിക്കൊപ്പം ഫോട്ടോയെടുക്കാൻ മെലോനി കെഞ്ചിയെന്നും സഹതാപം തോന്നി ഒടുവിൽ താൻ അവർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തെന്നും ട്രംപ് പറഞ്ഞത് വൻ വിവാദമായിരുന്നു. അതുപോലെ ഇറ്റലിയിൽ മെലോനിക്ക് ജനപ്രീതി കുറയുന്നുവെന്നും ട്രംപ് ആരോപിച്ചു. എന്നാൽ ട്രംപിന്റെ അവകാശവാദങ്ങൾ കെട്ടിച്ചമച്ചതാണെന്ന് മെലോനി പ്രതികരിച്ചു.
ഇത് പൂർണ്ണമായും കെട്ടിച്ചമച്ചതാണ്. ഞാൻ അല്ല, ഇറ്റലി ഒരിക്കലും ആരോടും അപേക്ഷിക്കാറില്ല” എന്നായിരുന്നു മെലോണിയുടെ പ്രതികരണം. ഇറ്റലിയുടെ വിദേശനയം ദേശീയ താൽപര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും വ്യക്തിപരമായ രാഷ്ട്രീയബന്ധങ്ങൾ അതിനെ ബാധിക്കില്ലെന്നും അവർ വ്യക്തമാക്കിയിരു്നനു. ഈ വിവാദം കൂടുതൽ നീട്ടാൻ താൽപര്യമില്ലെന്നും പാശ്ചാത്യ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം കൂടുതൽ പ്രധാനമാണെന്നും മെലോണി കൂട്ടിച്ചേർത്തു. എന്നാൽ മെലോനിയെ അപമാനിച്ചതിനു പിന്നാലെ ഇറ്റാലിയൻ വിദേശകാര്യമന്ത്രി അന്റോണിയോ തജാനി ജൂണിൽ നടത്താനിരുന്ന യുഎസ് സന്ദർശനം ഉപേക്ഷിക്കുകയും ചെയ്തിരുന്നു.


















































