കൊച്ചി: കൊച്ചി- ധനുഷ്കോടി ദേശീയപാതയിലെ കടമറ്റം പെരുവംമുഴിയിൽ നടന്ന വാഹനാപകടത്തിൽ കോളേജ് വിദ്യാർഥിക്കു ദാരുണാന്ത്യം. തൊടുപുഴ മടക്കത്താനം ശിവനിവാസ് വീട്ടിൽ സുനീപ് ശിവൻറെ മകൻ എസ്. രാഹുൽ (20) ആണ് വാഹനം കയറിയിറങ്ങി മരിച്ചത്. ഇന്നു രാവിലെ ഏഴരയോടെയാണ് സംഭവം. സ്കൂട്ടറിലുണ്ടായിരുന്ന സുഹൃത്ത് ജൂലിയൻ ജോസഫ് (21) നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
വരിക്കോലി മുത്തൂറ്റ് എൻജിനിയറിംഗ് കോളേജിലെ വിദ്യാർഥിയാണ് രാഹുൽ. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ മുന്നിലുണ്ടായിരുന്ന കാറിനെ ഓവർടേക്ക് ചെയ്തു കയറാൻ ശ്രമിക്കുന്നതിനിടെ കാറിൽ തട്ടുകയും നിയന്ത്രണം വിട്ട സ്കൂട്ടറിൽനിന്നു റോഡിലേക്കു തെറിച്ചുവീണ രാഹുലിൻറെ തലയിലൂടെ എതിരെ വന്ന ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങുകയായിരുന്നു. ഉടൻതന്നെ ഇരുവരെയും കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാഹുലിൻറെ ജീവൻ രക്ഷിക്കാനായില്ല. പരുക്കേറ്റ ജൂലിയൻ ജോസഫ് ചികിത്സയിലാണ്. പോലീസ് സ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചു. രാഹുലിൻറെ അമ്മ സിനി.



















































