ഉടുപ്പി: അമ്മയുടെ കൈയിലിരുന്ന ഒന്നര വയസ്സുകാരന്റെ തലയിൽ തേങ്ങ വീണു ദാരുണാന്ത്യം. കർണാടകയിലെ ഉഡുപ്പി ബ്രഹ്മാവറിനടുത്തുള്ള ഹെരഞ്ചെയിലാണ് സംഭവം. അപകടത്തിൽ പ്രശാന്ത്-സുചിത്ര ദമ്പതികളുടെ ഒന്നര വയസുള്ള മകനാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ സുചിത്ര തന്റെ ആറ് വയസുള്ള മൂത്ത കുട്ടിയെ സ്കൂൾ ബസിൽ കയറ്റിവിടാൻ പോയപ്പോഴായിരുന്നു സംഭവം.
സാധാരണയായി മഴയുള്ള സമയങ്ങളിൽ അമ്മ കുഞ്ഞിനെ വീട്ടിൽ തന്നെ നിർത്തിയാണ് പോകാറുള്ളത്. എന്നാൽ ചൊവ്വാഴ്ച രാവിലെ മഴ മാറിയതിനാലാണ് ഒന്നര വയസുകാരനെയും ഒക്കത്തെടുത്തുകൊണ്ടാണ് സുചിത്ര പുറത്തേക്ക് ഇറങ്ങിയത്. വീട്ടിൽ നിന്ന് സ്കൂൾ ബസ് വരുന്ന പ്രധാന റോഡിലേക്കുള്ള വഴി മോശമായതിനാൽ സമീപത്തുള്ള കൃഷിത്തോട്ടത്തിലൂടെയും പാടവരമ്പിലൂടെയും ഏകദേശം 250-300 മീറ്ററോളം ഇവർക്ക് നടക്കേണ്ടതുണ്ടായിരുന്നു. വീട്ടിൽ നിന്ന് ഇറങ്ങി അല്പം ദൂരം പിന്നിട്ടപ്പോഴേക്കും തോട്ടത്തിലെ 40 അടി ഉയരമുള്ള തെങ്ങിൽ നിന്ന് തേങ്ങ കുഞ്ഞിന്റെ തലയിലേക്ക് പതിക്കുകയായിരുന്നു.
അപകടം നടന്നയുടൻ അയൽവാസികളും നാട്ടുകാരും ചേർന്ന് കുഞ്ഞിനെ മണിപ്പാലിലെ ആശുപത്രിയിലേക്ക് എത്തിച്ചു. കാറിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിലുടനീളം ഒരു നാട്ടുകാരൻ കുഞ്ഞിന് കൃത്രിമ ശ്വാസോച്ഛ്വാസം നൽകിയിരുന്നു. ആശുപത്രിയിൽ എത്തുന്നതുവരെ കുഞ്ഞ് കണ്ണുകൾ തുറന്ന് ചുറ്റും നോക്കുന്നുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
ആശുപത്രിയിൽ എത്തിച്ചയുടൻ തന്നെ തലയ്ക്കേറ്റ ഗുരുതര പരുക്കിനെ തുടർന്ന് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും വൈകുന്നേരത്തോടെ കുഞ്ഞ് മരിച്ചു. കുഞ്ഞിന്റെ തലയിൽ ഒരിഞ്ചോളം ആഴത്തിൽ മുറിവുണ്ടായതായി ഡോക്ടർമാർ വ്യക്തമാക്കി. ബ്രഹ്മാവറിൽ ഫാസ്റ്റ് ഫുഡ് കട നടത്തുകയാണ് കുഞ്ഞിന്റെ പിതാവ് പ്രശാന്ത്.
















































