ഇസ്ലാമാബാദ്: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയുമായി പ്രണയത്തിലായെന്നും എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച വ്യാജ ചിത്രങ്ങൾ കാണിച്ച് തന്നെ വിശ്വസിപ്പിച്ചാണ് വിവാഹത്തിലേക്ക് എത്തിച്ചതെന്നും ആരോപിച്ച് പാകിസ്ഥാൻ മുൻ മന്ത്രി ഗുലാം റസൂൽ ഉനർ നിയമനടപടിക്കൊരുങ്ങുന്നു. മുൻ ഭാര്യ റസിയ അർബാബിനെതിരെയാണ് അദ്ദേഹം പരാതി നൽകിയിരിക്കുന്നത്.
തന്റെ രൂപത്തിലുള്ളതായി കാണിച്ച എഐ നിർമിത ചിത്രങ്ങൾ ഉപയോഗിച്ചാണ് യുവതി തന്നെ വിശ്വസിപ്പിച്ചതെന്നാണ് ഗുലാം റസൂലിന്റെ ആരോപണം. സംഭവത്തിൽ ഇലക്ട്രോണിക് കുറ്റകൃത്യങ്ങൾ തടയൽ നിയമപ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കറാച്ചിയിലെ സെഷൻസ് കോടതിയെ സമീപിച്ചു.
സോഷ്യൽ മീഡിയ വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് ബന്ധം വളരുകയും വിവാഹത്തിലേക്ക് എത്തുകയുമായിരുന്നു. വീഡിയോ കോളിൽ യുവതിയോട് നേരിട്ട് മുഖം കാണിക്കാൻ ആവശ്യപ്പെട്ടപ്പോഴെല്ലാം എഐ ഉപയോഗിച്ച് നിർമിച്ച ചിത്രങ്ങളാണ് അയച്ചിരുന്നതെന്നാണ് മുൻ മന്ത്രിയുടെ പരാതി.
2026 ഫെബ്രുവരി 23നാണ് ഇരുവരും വീഡിയോ കോളിലൂടെ വിവാഹിതരായതെന്നാണ് ഹർജിയിൽ പറയുന്നത്. വിവാഹസമയത്തും യുവതി നിഖാബ് ധരിച്ചിരുന്നതായി ഗുലാം റസൂൽ ആരോപിക്കുന്നു.
വിവാഹശേഷം നേരിട്ട് കണ്ടപ്പോഴാണ് താൻ സോഷ്യൽ മീഡിയയിലൂടെയും വീഡിയോ കോളിലൂടെയും കണ്ടിരുന്ന വ്യക്തിയല്ല യുവതിയെന്ന് തിരിച്ചറിഞ്ഞതെന്നാണ് മുൻ മന്ത്രിയുടെ വാദം. ഇതോടെ ഇരുവരും തമ്മിൽ അകൽച്ചയുണ്ടായി. തുടർന്ന് ഓഗസ്റ്റ് രണ്ടിന് ഗുലാം റസൂൽ യുവതിയെ വിവാഹമോചനം ചെയ്തതായും ഹർജിയിൽ പറയുന്നു.
വിവാഹബന്ധം അവസാനിച്ചതിന് പിന്നാലെ മുൻ എം.പി.എ. മരിച്ചെന്ന തരത്തിൽ യുവതി സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം നടത്തിയെന്നും ഗുലാം റസൂൽ ആരോപിച്ചു. വിവാഹമോചനത്തിന് ശേഷം കോടിക്കണക്കിന് രൂപ ആവശ്യപ്പെട്ടെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ ആരോപണമുണ്ട്.
സംഭവത്തിൽ നാഷണൽ സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസിയിലും മുൻ മന്ത്രി പരാതി നൽകിയിട്ടുണ്ട്. ഗുലാം റസൂലിന്റെ ഹർജി പരിഗണിച്ച കോടതി കറാച്ചിയിലെ ഡിഫൻസ് എസ്.എച്ച്.ഒയ്ക്കും പൊലീസ് പരാതി പരിഹാര സെൽ എസ്.പിക്കും നോട്ടീസ് അയച്ചു. സംഭവത്തിൽ അന്വേഷണം നടത്തി ഓഗസ്റ്റ് 17നകം റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചു.
എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യാജ ചിത്രങ്ങളും ഡിജിറ്റൽ ഉള്ളടക്കങ്ങളും സൃഷ്ടിച്ച് ആളുകളെ കബളിപ്പിക്കുന്ന സംഭവങ്ങൾ ചർച്ചയാകുന്നതിനിടെയാണ് പാകിസ്ഥാനിൽ നിന്നുള്ള ഈ ആരോപണം പുറത്തുവരുന്നത്. പരാതിയിലെ ആരോപണങ്ങൾ ശരിയാണോ എന്നത് പൊലീസ് അന്വേഷണത്തിലൂടെയും തുടർ നിയമനടപടികളിലൂടെയുമാണ് വ്യക്തമാകുക.




