കാസർകോട്: കണ്ണൂർ ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്ന് തൃക്കരിപ്പൂർ ഏരിയ കമ്മറ്റി യോഗത്തിൽ അംഗങ്ങൾ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ പാർട്ടിയുടെ അന്ത്യം കാണുമെന്നും മുന്നറിയിപ്പ്. കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ്, നേതാക്കളുടെ പെട്ടി തൂങ്ങിവന്ന അമൂൽ ബേബിയാണെന്നെ വിമർശനവും ഉയർന്നു. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെയും വിമർശനം. എം.വി ഗോവിന്ദൻ പങ്കെടുക്കുന്ന പരിപാടികൾ ബഹിഷ്കരിക്കുമെന്നും തൃക്കരിപ്പൂർ ഏരിയ കമ്മറ്റി അംഗങ്ങൾ പറഞ്ഞു.
തൃക്കരിപ്പൂരിലെ തോൽവിക്ക് കാരണം പയ്യന്നൂരിലെ സംഘടനാ വിഷയങ്ങളാണെന്ന് യോഗത്തിൽ വിമർശനം ഉയർന്നു. പിണറായി വിജയൻ വീണ്ടും മത്സരിച്ചത് നല്ല സന്ദേശം അല്ല നൽകിയതെന്നും പാർട്ടിയെ ശക്തിപ്പെടുത്താൻ പി. ജയരാജനും കെ.കെ. ശൈലജയും വീണ്ടും നേതൃനിരയിൽ സജീവമാകണമെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു.
മുൻ മുഖ്യമന്ത്രി ഇ.കെ. നയനാർ അടക്കമുള്ള പ്രമുഖ നേതാക്കൾ മത്സരിച്ചിട്ടുള്ള മണ്ഡലമാണ് തൃക്കരിപ്പൂർ. ഇതുവരെ സിപിഎം തോറ്റിട്ടില്ലാത്ത മണ്ഡലത്തിൽ വലിയ തിരിച്ചടിയാണ് ഉണ്ടായത്. പാർട്ടി കോട്ടകളിൽ ഉൾപ്പെടെ വോട്ട് ചോർച്ചയുണ്ടായത് സിപിഎമ്മിനെ ഞെട്ടിച്ചിരുന്നു. തൃക്കരിപ്പൂരിൽ സംഘടനാ ദൗർബല്യങ്ങൾ ഉണ്ടായത് ഏത് സാഹചര്യത്തിലാണ് എന്ന് പരിശോധിക്കണമെന്ന് വി.പി.പി. മുസ്തഫ ആവശ്യപ്പെട്ടിരുന്നു.

















































