ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിന് കൊളത്തൂർ മണ്ഡലത്തിൽ ഞെട്ടിക്കുന്ന പരാജയം. നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടി വി കെ) സ്ഥാനാർത്ഥി വിഎസ് ബാബുവാണ് സ്റ്റാലിനെ അട്ടിമറിച്ചത്. 2021 ൽ 70,000-ത്തിലധികം വോട്ടുകളുടെ വമ്പൻ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലത്തിൽ ഇത്തവണ സ്റ്റാലിൻ മൂക്കുംകുത്തി വീണു. മുഖ്യമന്ത്രി തന്നെ പരാജയപ്പെട്ടത് തമിഴ്നാട് രാഷ്ട്രീയത്തെയും ഡി എം കെ കേന്ദ്രങ്ങളെയും രാജ്യത്തെയും ഒരുപോലെ വിസ്മയിപ്പിച്ചിരിക്കുകയാണ്.
അതേസമയം തെരഞ്ഞെടുപ്പ് ചരിത്രത്തിൽ സ്റ്റാലിൻ നേരിടുന്ന നാലാമത്തെ തോൽവിയാണിത്. സ്റ്റാലിന്റെ പഴയ വിശ്വസ്തനും ഡിഎംകെ മുൻ എംഎൽഎയുമായ വിഎസ് ബാബുവാണ് ഇത്തവണ അട്ടിമറി വീരനായത്. 2011 ൽ കൊളത്തൂരിൽ സ്റ്റാലിൻ ആദ്യമായി മത്സരിക്കുമ്പോൾ മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലക്കാരനായിരുന്നു ഡിഎംകെ വടക്കൻ ചെന്നൈ സെക്രട്ടറിയായിരുന്ന ബാബു. എന്നാൽ സ്റ്റാലിന്റെ ഭൂരിപക്ഷം കുറഞ്ഞതോടെ ബാബുവിനെ പദവിയിൽ നിന്ന് നീക്കിയിരുന്നു.
ആ വൈരാഗ്യത്തിൽ ഡിഎംകെ വിട്ട് എഐഎഡിഎംകെയിൽ ചേർന്ന ബാബു, കഴിഞ്ഞ ഫെബ്രുവരിയിലാണ് വിജയ്‌യുടെ പാർട്ടിയിൽ എത്തിയത്. അതേസമയം തമിഴ്നാട്ടിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത വൻ കുതിപ്പുമായി വിജയുടെ ടിവികെ അധികാരത്തിലേറുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ 234 സീറ്റുകളിൽ 108 സീറ്റുകളിൽ ടിവികെ സ്ഥാനാർഥികൾ വിജയിക്കുകയോ ലീഡ് ചെയ്യുകയോ ചെയ്യുന്നുണ്ട്.
ഡിഎംകെ 60 സീറ്റിലേക്ക് ഒതുങ്ങിയപ്പോൾ എഐഎഡിഎംകെ 65 സീറ്റുകളിലാണ് മുന്നിട്ടുനിൽക്കുന്നത്. ആദ്യ ഘട്ടത്തിൽ തന്നെ ടിവികെ വൻ ലീഡ് നേടിയതിന് പിന്നാലെ ഡിഎംകെ ആസ്ഥാനം ആളൊഴിഞ്ഞ പൂരപ്പറമ്പുപോലെയായി. ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ തമിഴ്നാടിന്റെ പരമ്പരാഗത ദ്രാവിഡ പാർട്ടികളെ ബഹുദൂരം പിന്നിലാക്കിയാണ് നടൻ വിജയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകത്തിന്റെ കുതിപ്പ്.
അമ്പലപ്പുഴയിൽ തലയുയർത്തി ജി. സുധാകരൻ; വിലമതിക്കാത്തവർക്കു മുന്നിൽ വില തെളിയിച്ചു




















































