തിരുവനന്തപുരം: ആരോപണങ്ങളെ തുടർന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവിയിൽ നിന്നും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രാജിവെച്ച ഷാഫി പറമ്പിൽ എംപിക്കെതിരെ ഹൈക്കമാൻഡിൽ പരാതി. രാഹുലിനെ സംരക്ഷിച്ചത് ഷാഫിയെന്നാണ് പരാതിയിൽ പറയുന്നത്. പാലക്കാട്ടെ ഒരു വിഭാഗം കോൺഗ്രസ്, യൂത്ത്കോൺഗ്രസ് പ്രവർത്തകരാണ് ഹൈക്കമാൻഡിന് പരാതി നൽകിയിരിക്കുന്നത്. രാഹുലിനെ സ്ഥാനാർത്ഥിയാക്കാൻ സമ്മർദ്ദം ചെലുത്തി. പരാതികളറിയിച്ചിട്ടും ഷാഫി പ്രതികരിച്ചില്ലെന്നും പരാതിയിൽ പറയുന്നു. അതേ സമയം വിഷയത്തിൽ ഷാഫി പറമ്പിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇതിനിടെ, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ സംരക്ഷിക്കുന്നെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവിന്റെ പറവൂരിലെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ബാരിക്കേഡ് ഭേദിച്ച് ഓഫീസിലേക്ക് ഓടിക്കയറാൻ ശ്രമിച്ച പ്രവർത്തകർ ഓഫീസ് കോമ്പൗണ്ടിലേക്ക് കല്ലും വടികളും വലിച്ചെറിഞ്ഞു. ഓഫീസ് ജീവനക്കാരെ മർദിച്ചെന്നും ആരോപണമുണ്ട്. ഓഫീസ് ബോർഡ് മറിച്ചിട്ട പ്രതിഷേധക്കാർ ബോർഡിൽ കരി ഓയിൽ ഒഴിക്കുകയും കോലം കത്തിക്കുകയും ചെയ്തു. ഓഫീസ് ആക്രമിക്കാൻ പോലീസ് കൂട്ടുനിന്നെന്ന് ആരോപിച്ച് കോണ്ഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു.