തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിലെ സസ്പെൻഷന് പിന്നാലെ വിശദീകരണവുമായി മൂരാരി ബാബു. ചെമ്പെന്ന് രേഖപ്പെടുത്തി ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പാളികളും കടത്തി. താൻ മഹസറിൽ ചെമ്പ് പാളിയെന്ന് രേഖപ്പെടുത്തിയത് തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലെന്നും മുരാരി ബാബു പ്രതികരിച്ചു. താൻ ചെയ്ത കാര്യങ്ങൾ എല്ലാം നടപടിക്രമങ്ങൾ പാലിച്ചാണെന്നും മുരാരി ബാബു പറഞ്ഞു. അതേസമയം ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തു. സ്വർണപ്പാളി വിവാദത്തിൽ ആദ്യ നടപടിയാണിത്.
നിലവിൽ ദേവസ്വം ഡെപ്യൂട്ടി കമ്മീഷണറാണ് മുരാരി ബാബു. ദേവസ്വം വിജിലൻസ് അന്വേഷണത്തിൽ ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്കു വീഴ്ച്ച പറ്റിയതായി കണ്ടെത്തിയിരുന്നു. 2019 ൽ സ്വർണ്ണപ്പാളി ചെമ്പ് പാളി ആണെന്ന റിപ്പോർട്ട് എഴുതിയത് അന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്ന മുരാരി ബാബു ആണ്. മാത്രമല്ല 2025 ൽ സ്വർണ്ണ പാളി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിൽ കൊടുത്തുവിടണമെന്ന് മുരാരി ബാബു ഫയലിൽ നിർദേശിച്ചിരുന്നു. ഉദ്യോഗസ്ഥ വീഴ്ചയുണ്ടായെന്ന് ദേവസ്വം വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
ആ സമയം അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്ന മുരാരി ബാബു, തിരുവാഭരണ കമ്മീഷണർ കെ എസ് ബൈജു, എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് എന്നിവർക്കെതിരെയായിരുന്നു വിജിലൻസിന്റെ റിപ്പോർട്ട്. മുരാരി ബാബു 2024 ൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിൽ സ്വർണ്ണപ്പാളി നവീകരണത്തിന് നൽകണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. എന്നാൽ ഇത് ദേവസ്വം ബോർഡ് നിരാകരിച്ചിരുന്നു.
ലോഹം എന്താണോ അതാണ് രേഖകളിൽ എഴുതിയിരിക്കുന്നതെന്നും അടിസ്ഥാന ലോഹത്തിൽ സ്വർണം പൂശാനാണ് പറഞ്ഞത്. അതുകൊണ്ടാണ് അങ്ങനെ എഴുതിയത്. താൻ ഒരു ഉദ്യോഗസ്ഥനാണ്. ഡിപ്പാർട്ട്മെൻറ് നടപടികൾ പൂർണമായി അനുസരിക്കുന്നു എന്നും മുരാരി ബാബു വ്യക്തമാക്കി.
അതുപോലെ ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ വീഴ്ചയിൽ പങ്കില്ലെന്നും മുരാരി ബാബു പ്രതികരിച്ചു. മഹസറിൽ ചെമ്പ് പാളിയെന്ന് രേഖപ്പെടുത്തിയത് തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ്. താൻ നൽകിയത് പ്രാഥമിക റിപ്പോർട്ട് മാത്രമാണ്. പരിശോധനയ്ക്ക് ശേഷം അനുമതി നൽകുന്നത് തനിക്ക് മുകളിൽ ഉള്ളവരാണ്. ദ്വാരപാലകരിലും കട്ടിളയിലും നേരിയ തോതിലാണ് സ്വർണം പൂശിയത്. അതുകൊണ്ടാണ് ചെമ്പ് തെളിഞ്ഞതെന്നും മുരാരി ബാബു കൂട്ടിച്ചേർത്തു.