പറപ്പൂർ: ഒരു കുടുംബത്തിലെ മൂന്നുപേരുടെ മരണത്തോടെ ഏകനായി തീർന്നിരിക്കുകയാണ് 19 കാരൻ മുഹമ്മദ് ഫാസിൽ. ഫാസിലിന്റെ ഉമ്മ ചീരങ്ങൻ സൈനബ, സഹോദരൻ മുഹമ്മദ് ആഷിഖ്, സഹോദരി ഫാത്തിമ ഫർസീല എന്നിവരെ പറപ്പൂർ പാടത്തെ താഴേക്കാട്ട് പഞ്ചായത്തു കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തുകയായിരുന്നു.
മൂവരും അലക്കാനും കുളിക്കാനുമായി കുളത്തിലേക്ക് പോയപ്പോൾ വീട്ടിലെത്തിയ ജോലിക്കാരനെ സഹായിക്കാനായി നിന്നതിനാലാണ് ഫാസിൽ പോകാതിരുന്നത്. ഞായറാഴ്ചയായതിനാലാണ് അലക്കാനും കുളിക്കാനുമായി കുടുംബം കുളത്തിലെത്തിയത്. മൂവരും കുളത്തിലേക്ക് പോകുന്നത് കണ്ടവരുണ്ട്. എന്നാൽ എന്താണ് അവിടെ സംഭവിച്ചതെന്നാർക്കുമറിയില്ല. ആരെങ്കിലും ഒരാൾ അപകടത്തിൽപ്പെട്ടതോടെ രക്ഷിക്കാനായി മറ്റുരണ്ടുപേരും ശ്രമിച്ചതാകാം കാരണമെന്നതാണ് കരുതുന്നത്.
അതേസമയം മരിച്ചവർക്കാർക്കും നീന്തലറിയുകയില്ലെന്ന് നാട്ടുകാർ പറയുന്നു. മുപ്പതുവർഷം മുൻപാണ് മധുര സ്വദേശിയായ കുമ്മൂറ്റിക്കൽ മൊയ്തീനും ഭാര്യ കണ്ണൂർ സ്വദേശി സൈനബയും ജോലിക്കായി പറപ്പൂർ പഞ്ചായത്തിലെത്തിയത്. പെയിന്റിങ്ങായിരുന്നു ജോലി. സൈനബയുടെ പിതാവിന്റെ നാടാണ് പറപ്പൂർ. സ്വന്തമായി വീടില്ലാത്ത ഇവർ വാടക വീടുകളിൽ മാറിമാറിത്താമസിച്ചു. കുട്ടികളായതോടെ വാടകയ്ക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനുമായി തുക കണ്ടെത്താനാവാതെ കുടുംബം ബുദ്ധിമുട്ടിലായി. ഇതിനിടയിലായിരുന്നു മൊയ്തീന്റെ അപ്രതീക്ഷിത മരണം. ഇതോടെ കുട്ടികളുടെ പഠനവും കുടുംബച്ചെലവും കണ്ടെത്താനായി സൈനബ വീട്ടുജോലിക്ക് പോയിത്തുടങ്ങി.
പാവപ്പെട്ടവർക്ക് വീടും കിണറും നിർമിച്ചുനൽകുന്ന വീണാലുക്കൽ പൗരസമിതിയോട് സഹായം ആവശ്യപ്പെട്ടു. സൈനബയുടെ പുത്തനാറയ്ക്കലിലെ സ്ഥലത്തെത്തി കുടുംബത്തിന്റെ ദയനീയ സാഹചര്യം മനസ്സിലാക്കി പൗരസമിതി വീട് നിർമിച്ചു നൽകുകയായിരുന്നു. സഹോദരങ്ങൾക്കും ഉമ്മയ്ക്കും പ്ലസ് ടു വിദ്യാർഥിയായ ഫർസീലയെ പഠിപ്പിച്ച് ഉന്നതനിലയിലെത്തിക്കണമെന്നതായിരുന്നു ആഗ്രഹമെന്ന് നാട്ടുകാർ പറഞ്ഞു.
അതേസമയം ഞായറാഴ്ച വൈകുന്നേരത്തോടെയാണ് പറപ്പൂർ പാടത്തെ താഴേക്കാട്ട് പഞ്ചായത്തുകുളത്തിൽ വേങ്ങര മണ്ഡലത്തിലെ പറപ്പൂർ വീണാലുക്കൽ ചീരങ്ങൻ സൈനബ (45), മകൻ മുഹമ്മദ് ആഷിഖ് (20), മകൾ ഫാത്തിമ ഫർസീല (18) എന്നിവരെ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇതുവഴി പോയ അതിഥി തൊഴിലാളിയാണ് കുളക്കരയിൽ അടിഞ്ഞനിലയിൽ ഫർസീലയുടെ മൃതദേഹം ആദ്യം കാണുന്നത്. ഇയാൾ ഉടനെ നാട്ടുകാരെ വിവരമറിയിച്ചു. ഓടിക്കൂടിയ നാട്ടുകാർ കുളക്കടവിൽ മൂന്നുജോഡി ചെരിപ്പുകൾ കണ്ടതോടെ കുളത്തിൽ തിരച്ചിൽ നടത്തി മറ്റു രണ്ടുപേരുടെ മൃതദേഹംകൂടി കണ്ടെത്തുകയായിരുന്നു.
ഫർസീലയുടെ മൃതദേഹം കടവിനോടുചേർന്ന് പൊങ്ങിയ നിലയിലും മറ്റുള്ളവരുടേത് അൽപ്പംമാറി മുങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. നീന്തലറിയാത്ത ഇവർ കുളത്തിൽ കുളിക്കാനായി പോയതാണെന്നാണ് നിഗമനം. എങ്ങനെ അപകടത്തിൽപ്പെട്ടുവെന്നതിന് സാക്ഷികളില്ലെന്ന് വേങ്ങര പോലീസ് പറഞ്ഞു.
ഫർസീല പറപ്പൂർ ഐയു ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥിയാണ്. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി തിങ്കളാഴ്ച വീണാലുക്കൽ ജുമാമസ്ജിദ് കബറിസ്താനിൽ കബറടക്കും.















































