തിരുവനന്തപുരം: നെടുമങ്ങാട് പനവൂർ സ്വദേശിയായ ഒന്നര വയസ്സുകാരൻ അർഷിതിന്റെ മരണവുമായി ബന്ധപ്പെട്ട് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസിലെ ഹെൽപ് ലൈൻ ടെലിഫോൺ ഓപ്പറേറ്റർക്കെതിരെ നടപടി. താത്കാലിക ജീവനക്കാരനെ സർവീസിൽ നിന്ന് പുറത്താക്കാൻ വനിതാ-ശിശു വികസന മന്ത്രി ബിന്ദു കൃഷ്ണ നിർദേശം നൽകി. ഇതുസംബന്ധിച്ച് വകുപ്പ് ഡയറക്ടർക്ക് നിർദേശം കൈമാറി.
കുഞ്ഞ് ക്രൂരമർദനത്തിനിരയായി മരിക്കുന്നതിന് ആഴ്ചകൾ മുൻപ് തന്നെ കുട്ടിയുടെ ജീവൻ അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി മുത്തശ്ശി ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ് ലൈനിൽ പരാതി നൽകിയിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. എന്നാൽ പരാതിയിൽ സമയബന്ധിതമായ ഇടപെടൽ ഉണ്ടായില്ലെന്ന ഗുരുതര വീഴ്ചയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
മെയ് മൂന്നിനാണ് അർഷിതിന്റെ മുത്തശ്ശിയും അഖിലയുടെ അമ്മയുമായ റീന ഹെൽപ് ലൈനിൽ വിളിച്ച് സഹായം തേടിയത്. കുഞ്ഞിന്റെ രണ്ട് കൈകളും ഒടിഞ്ഞതടക്കം ഗുരുതര പരിക്കുകളെക്കുറിച്ച് അവർ അധികൃതരെ അറിയിച്ചിരുന്നു. കുട്ടിയുടെ അമ്മയുടെ ലിവ്-ഇൻ പങ്കാളിയായ അഷ്കർ കുഞ്ഞിനെ ക്രൂരമായി മർദിക്കുന്നതായും അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ കുട്ടിയുടെ ജീവൻ അപകടത്തിലാകുമെന്നും റീന മുന്നറിയിപ്പ് നൽകിയിരുന്നു.
കുഞ്ഞിന്റെ ശരീരത്തിലുണ്ടായിരുന്ന പരിക്കുകളെയും ഒടിവുകളെയും കുറിച്ചുള്ള വിവരങ്ങൾ ഫോൺ സംഭാഷണത്തിൽ വ്യക്തമായി അറിയിച്ചിരുന്നെങ്കിലും, പരാതിയെ ഗൗരവത്തിലെടുത്ത് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് തയ്യാറായില്ല. മറ്റെന്തോ കുടുംബപ്രശ്നങ്ങളാണെന്ന തരത്തിലായിരുന്നു ഹെൽപ് ലൈനിൽ നിന്നുള്ള പ്രതികരണമെന്നും ആരോപണമുണ്ട്. തുടർന്ന് പരാതിയിൽ യാതൊരു തുടർനടപടിയും സ്വീകരിച്ചില്ലെന്നാണ് കണ്ടെത്തൽ.
പരാതി നൽകിയതിന് 26 ദിവസം പിന്നിടുമ്പോഴാണ് അർഷിത് കൊല്ലപ്പെടുന്നത്. കേരളത്തെ നടുക്കിയ ഈ സംഭവത്തിൽ കുട്ടി നേരിട്ടത് അതിക്രൂരമായ മർദനമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. കുട്ടിയുടെ ശരീരത്തിൽ 91 മുറിവുകൾ കണ്ടെത്തിയതായും റിപ്പോർട്ടിലുണ്ട്.
കേസിൽ കുട്ടിയുടെ അമ്മ അഖിലയും ലിവ്-ഇൻ പങ്കാളി അഷ്കറും പ്രതികളാണ്. അഷ്കറിന്റെ നിരന്തരമായ ക്രൂരമർദനമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. മാസങ്ങളായി കുഞ്ഞ് അനുഭവിച്ച ശാരീരിക പീഡനവും അതുമൂലമുണ്ടായ ഗുരുതര ക്ഷതങ്ങളും ആന്തരിക രക്തസ്രാവുമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ഡോക്ടർമാർ പൊലീസിനെ അറിയിച്ചിരുന്നു.
















































