ഗാന്ധിനഗർ: അഹമ്മദാബാദിലെ വേജാൽപൂരിൽ കോടതിയിൽ ഹാജരാക്കുന്നതിന് മുൻപെ കുറ്റാരോപിതനെ ലോക്കപ്പിലിട്ട് തല്ലിച്ചതച്ചതിന് പിന്നാലെ ഗുജറാത്ത് പൊലീസിന് ലീഗൽ നോട്ടീസ്. പ്രതിയെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ മനുഷ്യത്വവിരുദ്ധമായി പെരുമാറുകയും ക്രൂരത കാണിച്ചെന്നും ചൂണ്ടിക്കാട്ടി ഗുജറാത്തിലെ ന്യൂനപക്ഷ സമുദായങ്ങളുടെ കോർഡിനേഷൻ കമ്മിറ്റിയാണ്(എംസിസി) ലീഗൽ നോട്ടീസ് അയച്ചത്.
ചീഫ് സെക്രട്ടറി, ഡിജിപി, അഹമ്മദാബാദ് പൊലീസ് കമ്മീഷണർ എന്നിവർക്കാണ് നോട്ടീസ്. കന്നുകാലികളെ കശാപ്പ് ചെയ്തെന്നാരോപിച്ച് മെയ് നാലിന് വേജാൽപൂർ പൊലീസ് അറസ്റ്റ് ചെയ്ത രണ്ട് പ്രദേശവാസികളെയാണ് പൊലീസ് തല്ലിച്ചതച്ചത്. പ്രദേശത്ത് നിന്ന് പൊലീസ് പിടികൂടിയ മുഹമ്മദ് അസീസ് ഷെയ്ഖ്, അലിയാസ് റഈസ് ഷെയ്ഖ് എന്നിവരെ പൊലീസ് ജീപ്പിന്‍റെ ബോണറ്റിൽ കെട്ടിയിട്ട് മർദിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഇരുകൈകളും ജീപ്പിൽ ബന്ധിക്കപ്പെട്ട നിലയിൽ നിസ്സഹായരായി നിൽക്കുന്ന കുറ്റാരോപിതരെ രണ്ട് പൊലീസുകാർ ചേർന്ന് ക്രൂരമായി മർദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഗുജറാത്ത് ചീഫ് സെക്രട്ടറി, ഡിജിപി, അഹമ്മദാബാദ് സിറ്റി പൊലീസ് കമ്മീഷണർ എന്നിവർക്കയച്ച നോട്ടീസിൽ, ഭരണപരവും മനുഷ്യത്വപരവുമായ അവകാശങ്ങളുടെ ഗുരുതരമായ ലംഘനമാണ് നടന്നതെന്നും ഉത്തരവാദിത്തപ്പെട്ട ചുമതലയിലിരുന്നുകൊണ്ട് അച്ചടക്കലംഘനം കാണിച്ചതിൽ നടപടി സ്വീകരിക്കണമെന്നും ആവശ്യം ഉന്നയിക്കുന്നുണ്ട്.
ഭരണഘടനാപരമായ മനുഷ്യാവകാശങ്ങളെ തച്ചുടച്ചുകൊണ്ടുള്ള പൊലീസിന്‍റെ പെരുമാറ്റം നിയമം കയ്യിലെടുക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നതാണെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. കുറ്റാരോപിതരായ മനുഷ്യരെ പൊതുയിടത്തിൽ അപമാനിക്കുക, കസ്റ്റഡിയിൽ വെച്ച് തല്ലിച്ചതക്കുക, നിയമവിരുദ്ധമായി അധിക്ഷേപിക്കുക തുടങ്ങിയ പ്രവൃത്തികൾ ഭരണഘടനയിലെ ആർട്ടിക്കിൾ 21 പ്രകാരം ഗുരുതരമായ അവകാശലംഘനമാണെന്നും നോട്ടീസ് ഓർമിപ്പിച്ചു.

















































