ന്യൂയോർക്ക്: യുഎസിൽ കാണാതായ ഇന്ത്യക്കാരി നികിത ഗോദിശാലയെ (27) കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മേരിലാൻഡിലെ എല്ലികോട്ട് സിറ്റിയിൽ നിന്നുള്ള നികിതയെ കാണാനില്ലെന്ന് കഴിഞ്ഞ 2നാണ് പരാതി ലഭിച്ചത്. മുൻ ആൺ സുഹൃത്ത് അർജുൻ ശർമയുടെ (26) കൊളംബിയയിലെ താമസസ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നിലെ കാരണം സാമ്പത്തിക പ്രശ്‌നമായിരുന്നുവെന്നും നികിതയുടെ പിതാവ് ആനന്ദ് ഗോഡിഷാല പറഞ്ഞു.
പണത്തിന്റെ പേരിലാണ് കൊലപാതകം നടത്തിയത്, അല്ലാതെ പ്രണയത്തിലെ തർക്കമല്ലെന്ന് പിതാവ് അവകാശപ്പെട്ടു. നേരത്തെ ഒരു അപ്പാർട്മെന്റിൽ താമസിച്ചിരുന്നപ്പോള്‍ പ്രതി തന്റെ മകളില്‍ നിന്ന് ധാരാളം പണം വാങ്ങിയിരുന്നു. ഇതുപോലെ അയാള്‍ പലരില്‍ നിന്നും കടം വാങ്ങിയിരുന്നതായും പിതാവ് പറഞ്ഞു.
യുവാവ് ഇന്ത്യയിലേക്ക് പോകാന്‍ പദ്ധതിയിടുന്നതായി അറിഞ്ഞ യുവതി മുഴുവന്‍ പണവും തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ അവളെ കൊലപ്പെടുത്തിയെന്നാണ് പിതാവിന്റെ ആരോപണം. ഡിസംബർ 31ന് വൈകിട്ട് 7 മണിയോടെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്. കൊല ചെയ്തുവെന്ന് കരുതുന്ന അർജുൻ ശർമയ്ക്കെതിരെ പൊലീസ് വാറന്റ് പുറപ്പെടുവിച്ചു. അർജുൻ ശർമ 31ന് തന്നെ ഇന്ത്യയിലേക്ക് കടന്നതായാണ് വിവരം.






