തിരുവനന്തപുരം: ബാലരാമപുരത്ത് കാണാതായ രണ്ടു വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദു(2) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് സമീപത്തെ കിണറ്റിൽ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
രാത്രി അച്ഛനും അമ്മയ്ക്കുമൊപ്പം ഉറങ്ങാൻ കിടന്നതായിരുന്നു കുഞ്ഞ്. രാവിലെ 5.15-ഓടെയാണ് ദേവേന്ദുവിനെ കാണാതായതായി പരാതി ഉയർന്നത്. അഗ്നിരക്ഷാസേനയും പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് എം വിൻസെന്റ് എംഎൽഎ പറഞ്ഞു.
സംഭവത്തിൽ കുട്ടിയുടെ അച്ഛൻ, അമ്മ, അമ്മയുടെ സഹോദരൻ എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. അമ്മയുടെ സഹോദരൻ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പോലീസ് പറയുന്നു. പുലർച്ചെ അഞ്ചരയോടെയാണ് പോലീസ് വിവരം അറിയുന്നത്. അപ്പോൾത്തനെ സ്ഥലത്തെത്തി തിരച്ചിൽ തുടങ്ങിയിരുന്നു. ബന്ധുക്കളെ മുൻനിർത്തിയായിരുന്നു അന്വേഷണം. പുറത്തുനിന്ന് ആരുടെയും ഇടപെടലില്ല. ബന്ധുക്കൾ തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു എന്നാണ് വിവരം. ഈ വീട്ടിൽ ചെറിയൊരു തീപിടിത്തം ഉണ്ടായിരുന്നു.
കുഞ്ഞിനെ കാണാനില്ലെന്ന വാർത്ത വന്നതോടെ എംഎൽഎയുൾപ്പെടെയുള്ളവർ സ്ഥലത്ത് എത്തിയിരുന്നു. അപ്പോൾ മണ്ണെണ്ണയുടെ മണം അവിടെയുണ്ടായിരുന്നുവെന്നും വെള്ളം ഉപയോഗിച്ച് തീയണച്ചിരുന്നുവെന്നുമാണ് വിവരം. ചുറ്റുമതിലുള്ള കിണറ്റിൽ മുട്ടിൽ നീന്തിയോ മറ്റോ ആ കുട്ടി തനിയെ വീഴാൻ സാധ്യതയില്ലെന്ന് എംഎൽഎയുൾപ്പെടെയുള്ളവർ പറഞ്ഞു.