മലപ്പുറം: പാണ്ടിക്കാട് ചെമ്പ്രശേരിയിൽ ഉത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ ഒരാൾക്ക് വെടിയേറ്റു. പതിനഞ്ചോളം പേർക്ക് പരുക്ക്. ചെമ്പ്രശേരി സ്വദേശി ലുക്മാനാണ് വെടിയേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലുക്മാൻ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് പ്രദേശിക ഉത്സവത്തിനിടെ സംഘർഷം ഉണ്ടായത്. എയർഗണ്ണും പെപ്പർ സ്പ്രേയുമായി 20 പേരടങ്ങിയ സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് പരുക്കേറ്റവർ പറയുന്നത്. കഴുത്തിന് വെടിയേറ്റ ചെമ്പ്രശേരി സ്വദേശി ലുക്മാനടക്കം നാല് പേർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ലുക്മാൻറെ കഴുത്തിന് സാരമായ പരുക്കുണ്ട്.
അതേസമയം മറ്റ് മൂന്ന് പേരിൽ രണ്ടു പേരുടെ കൈ പൊട്ടി. തലയ്ക്കും കാലിനും പരുക്കേറ്റിട്ടുമുണ്ട്. അക്രമണത്തിൻറെ കാരണം അറിയില്ലെന്നാണ് പരുക്കേറ്റവർ പറയുന്നു. ഇരുപതോളം പേർ അടങ്ങുന്ന സംഘമാണ് ആക്രമിച്ചത്. ഇവർ സ്ഥിരം ക്രിമിനലുകളാണെന്ന് പരുക്കേറ്റവർ ആരോപിച്ചു. ആക്രമിച്ചവരിൽ കണ്ടാലറിയുന്നവരുമുണ്ടെന്നും പരുക്കേറ്റവർ അറിയിച്ചു.
മാത്രമല്ല മുകളിലേക്കുൾപ്പെടെ എയർഗൺ ഉപയോഗിച്ച് നാല് വട്ടം വെടി ഉതിർത്തെന്നും പരുക്കേറ്റവർ പറയുന്നു. പ്രദേശത്ത് നേരത്ത ചെറിയ സംഘർഷം ഉണ്ടായിരുന്നു. ഇതിൻറെ തുടർച്ചയാണ് ഇന്നലെ ഉണ്ടായതെന്നാണ് സൂചന. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിക്ക് പുറമെ മഞ്ചേരി, പാണ്ടിക്കാട്, പെരിന്തൽമണ്ണ എന്നിവിടങ്ങിലും പരുക്കേറ്റവർ ചികിത്സ തേടി.