BREAKING NEWS

യുദ്ധം മർമ്മത്തിലേയ്ക്കും; ട്രംപിന്റെ അനുമതി വന്ന മാത്രയിൽ ഇറാന്റെ പ്രകൃതി വാതക സംസ്ക്കരണ കേന്ദ്രം ആക്രമിച്ച് ഇസ്രയേൽ; ഒന്നിലധികം ഇടങ്ങൾ ആക്രമണത്തിൽ തകർന്നെന്ന് ഇറാൻ

· · 1 min read
Share: Copied!

ടെഹ്റാൻ: ഇറാന്റെ പ്രകൃതിവാതക സംസ്കരണ കേന്ദ്രത്തിൽ ആക്രമണം നടത്തിയതായി ഇസ്രയേൽ. ട്രംപ് ഭരണകൂടത്തിന്റെ അനുമതിക്ക് പിന്നാലെ, തെക്കു പടിഞ്ഞാറൻ മേഖലയിലുള്ള ഇറാന്റെ പ്രകൃതിവാതക സംസ്കരണ കേന്ദ്രം വ്യോമസേന ആക്രമിച്ചതായാണ് ഇസ്രയേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇറാനും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

സൗത്ത് പാർസ് ഗ്യാസ് ഫീൽഡിലെ ഒന്നിലധികം ഇടങ്ങൾ ആക്രമണത്തിൽ തകർന്നതായി ഇറാൻ മാധ്യമം റിപ്പോർട്ട് ചെയ്തു. അടിയന്തര ഇടപെടലിനായി ഒരു സംഘത്തെ പ്രദേശത്ത് വിന്യസിച്ചുവെന്നും തീ അണയ്ക്കാനുള്ള പരിശ്രമത്തിൽ ഇവർ ഏർപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.

അസലുയെയിലെ സൗത്ത് പാർസ് സ്പെഷ്യൽ എക്കണോമിക് എനർജി സോണിൽ സ്ഥിതി ചെയ്യുന്ന ഗ്യാസ് പ്ലാന്റുകളുടെ ചില ഭാഗങ്ങളിൽ അമേരിക്കൻ -സയണിസ്റ്റ് ശത്രുക്കൾ ആക്രണം നടത്തിയതായി തെക്കൻ ബുഷെർ പ്രവിശ്യയുടെ ഡെപ്യൂട്ടി ഗവർണർ എഹ്സാൻ ജഹാനിയനെ ഉദ്ധരിച്ച് സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.

സമ്പദ് വ്യവസ്ഥയുടേയും ഊർജ്ജവിതരണത്തിന്റേയും കേന്ദ്ര ബിന്ദുവായ ഇറാനിലെ പ്രകൃതിവാതക മേഖലയെ ഇസ്രയേൽ ലക്ഷ്യമിടുന്നത് ഇതാദ്യമാണ്. നേരത്തെ, ഇറാന്റെ നട്ടെല്ല് എന്ന് വിശേഷിപ്പിച്ച ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങളെ യുഎസ് ലക്ഷ്യമിട്ടിരുന്നു. എന്നാൽ എണ്ണപ്പാടങ്ങളിൽ ആക്രമണം നടത്തിയതായി സ്ഥിരീകരണം ഉണ്ടായിരുന്നില്ല. വേണ്ടി വന്നാൽ എണ്ണപ്പാടങ്ങളേയും ലക്ഷ്യമിടുമെന്ന് ഖാർഗ് ആക്രമിച്ച ഘട്ടത്തിൽ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇസ്രയേൽ ട്രംപിന്റെ അനുമതിയോടെ ഇറാന്റെ പ്രകൃതിവാതക സംസ്കരണ കേന്ദ്രം ലക്ഷ്യമിട്ടത്.

ഇറാന്റെ ഇന്റലിജൻസ് മന്ത്രി ഇസ്മായിൽ ഖത്തീബിനെ വധിച്ചതായി ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ് നേരത്തെ അറിയിച്ചിരുന്നു. രാത്രിയിൽ നടത്തിയ വ്യോമാക്രമണത്തിലൂടെയാണ് ഖത്തീബിനെ വധിച്ചതെന്ന് ഇസ്രയേൽ അവകാശപ്പെടുമ്പോഴും, ഇറാൻ അധികൃതർ ഇതുവരെ വാർത്ത സ്ഥിരീകരിച്ചിട്ടില്ല. വരും മണിക്കൂറുകളിൽ എല്ലാ യുദ്ധമുന്നണികളിലും വലിയ അപ്രതീക്ഷിത നീക്കങ്ങൾ ഉണ്ടാകുമെന്നും ശത്രുക്കളെ വേട്ടയാടുന്നത് തുടരുമെന്നും കാറ്റ്സ് വ്യക്തമാക്കിയിരുന്നു ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇറാന്റെ ഊർജ്ജമേഖലകളിൽ ആക്രമണം നടത്തിയതായുള്ള സ്ഥിരീകരണം പുറത്തുവരുന്നത്.

BREAKING NEWS
കൂട്ടുകാരന്റെ കെട്ടുനിറ ചടങ്ങിനെത്തി; പൊന്മുടി ഡാമിൽ കുളിക്കാനിറങ്ങി; രണ്ട് ഒൻപതാം ക്ലാസ് വിദ്യാർഥികളെ കാണാതായി
28 Nov 2026
BREAKING NEWS
'എസ്എംഎ ചികിത്സാ ഫണ്ട് സമാഹരണത്തെ സ്വാഗതംചെയ്യുന്നു'; നേരത്തെയുള്ള പ്രസ്താവന തിരുത്തി മന്ത്രി കെ. മുരളീധരൻ; 'കുട്ടികൾക്ക് ആവശ്യമുള്ളത് ജീൻ തെറാപ്പിയാണെന്ന് പിന്നീടാണ് ബോധ്യപ്പെട്ടത്'
28 Nov 2026
BREAKING NEWS
ഭാര്യയുടെ മുൻഭർത്താവിന്റെ വിരോധം; 13-കാരിയെ പീഡിപ്പിച്ചെന്ന് വ്യാജ പരാതി, 53 ദിവസം ജയിൽവാസം; രണ്ടുവർഷത്തിനുശേഷം നിരപരാധിയെന്ന് കോടതി. 'എന്റെ അവസ്ഥ മറ്റൊരാൾക്കും ഉണ്ടാകരുത്' - ഗോപകുമാർ
28 Nov 2026
BREAKING NEWS
'മോന്തായംതന്നെ വളഞ്ഞിരിക്കുന്നു; പിന്നെ മറ്റുള്ള കാര്യങ്ങൾ പറയേണ്ടതില്ല, എല്ലാവരുടെയും സർക്കാരായി പ്രവർത്തിക്കുകയാണ് വേണ്ടത്; അർപ്പിതമായ ഉത്തരവാദിത്വത്തിൽനിന്നുള്ള വ്യതിയാനം'; മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയൻ
28 Nov 2026