തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലും മറ്റിടങ്ങളിലും നടക്കുന്ന റെയ്ഡിനെതിരെ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം.ശിവപ്രസാദ്. ഈ പാർട്ടിയെ തകർക്കാൻ നേതൃത്വത്തെ വേട്ടയാടിയാൽ തളർന്നു പോകുമെന്നാണോ കരുതിയത്. അപ്പോഴാണ് ഈ പാർട്ടി ഒരു തീപ്പന്തമായി മാറുന്നത്.
മോദിയും വി. ഡി.യും കണ്ണ് തുറന്ന് കേരളത്തിൻ്റെ തെരുവുകളിലേക്ക് നോക്കൂവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അധികാരത്തിലേറി പത്താം നാൾ ഇന്ത്യൻ പ്രധാനമന്ത്രിയെ കണ്ട് സംസ്ഥാന ഗവൺമെന്റിന്റെ ആവശ്യങ്ങൾ മുന്നോട്ടുവച്ച കേരളത്തിൻ്റെ കോൺഗ്രസ് മുഖ്യമന്ത്രി ആദ്യം വെച്ച ആവശ്യം പിണറായി വിജയനെ വേട്ടയാടണം എന്നാണോ? സംഘപരിവാരത്തിന് കേരളത്തിലെ രാഷ്ട്രീയ അധികാരം പങ്കുവെക്കുന്നതിന് കോൺഗ്രസുമായി ഉണ്ടാക്കിയ ധാരണയുടെ പ്രത്യുപകാരമായി പിണറായി വിജയനെയും സി.പി.ഐ.എം. നേതാക്കന്മാരെയും അന്വേഷണം ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടണം എന്നാണോ എന്നും ശിവപ്രസാദ് ചോദിച്ചു.
ആരെയാണ് നിങ്ങൾ ഇഡിയെ കാണിച്ച് ഭയപ്പെടുത്തുന്നത്, തൻ്റെ രാഷ്ട്രീയ ജീവിതകാലം സംഘപരിവാരിനോടും ബിജെപിയോടും പൊരുതി നിന്ന ആ മനുഷ്യനെ ഇതൊക്കെ കാണിച്ച് ഭയപ്പെടുത്താമെന്നാണ് കോൺഗ്രസും ബിജെപിയും വിചാരിക്കുന്നത് എങ്കിൽ നിങ്ങൾക്ക് കമ്മ്യൂണിസ്റ്റുകാരെ പറ്റി ഇപ്പൊഴും ഒരു ചുക്കും അറിയില്ല. പേമാരി പെയ്തിട്ട് പതറാത്ത പിണറായുടെ മുന്നിലാണോ ഈ പേക്കൂതെന്നും ശിവപ്രസാദിന്റെ പോസ്റ്റില്‍ പറയുന്നു.



















































