തിരുവനന്തപുരം: ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ ഒരു പ്രാവശ്യം പോയിട്ടുണ്ടെന്നു സമ്മതിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പോലീസ് എസ്കോർട്ടിലാണ് അന്നു പോയത്. അവിടെ ഒരു ചടങ്ങ് നടക്കുന്നുണ്ടായിരുന്നുവെന്നും പോറ്റി നിർബന്ധിച്ചതു കൊണ്ടാണു പോയതെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ആ ചടങ്ങ് എന്തായിരുന്നുവെന്ന് ഓർമ്മയില്ല, ഒരു കുട്ടിയുടെ പിറന്നാൾ ആഘോഷമായിരുന്നെന്നു തോന്നുന്നെന്നും കടകംപള്ളി സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം കടകംപള്ളിയുമായി ബന്ധമുണ്ടെന്ന ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി പുറത്തുവന്നതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ കടകംപള്ളി മാധ്യമങ്ങളോട് വ്യക്തത വരുത്തി രംഗത്തെത്തിയത്. രണ്ടുതവണ തന്റെ വീട്ടിൽ കടകംപള്ളി സുരേന്ദ്രൻ വന്നിട്ടുണ്ടെന്നായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റി അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. ഇതിൽ വ്യക്തത വരുത്തുകയായിരുന്നു അദ്ദേഹം. മറ്റേതെങ്കിലും തരത്തിലുള്ള ബന്ധം ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഇല്ലെന്നും ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിലെ സന്ദർശനത്തെക്കുറിച്ച് എസ്ഐടി ചോദിക്കാതെ തന്നെ അങ്ങോട്ട് പറഞ്ഞിരുന്നുവെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
പോറ്റിയുടെ വീട്ടിൽ ഒരു പ്രാവശ്യം പോയിട്ടുണ്ട്. ഇക്കാര്യം അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട്. ഇന്നത്തെ പോറ്റിയുടെ വീട്ടിൽ അല്ല പോയത്. അന്നത്തെ പോറ്റിയുടെ വീട്ടിലാണ് പോയത്. 2017-18 കാലമെന്നാണ് ഓർമ്മ. കൃത്യമായി വർഷം ഓർക്കുന്നില്ല. ശബരിമലയിൽ നിൽക്കുന്ന പോറ്റിയേയും കണ്ടിട്ടുണ്ടെന്നും മുൻ ദേവസ്വം മന്ത്രി പറഞ്ഞു.
പോറ്റിയെ അടുത്തറിയില്ലെന്നായിരുന്നു മുൻപ് മന്ത്രി പറഞ്ഞിരുന്നത്. ഞാൻ ശബരിമലയ്ക്ക് പോകുന്ന ദിവസം പോറ്റി എന്നെ വിളിച്ച് വീട്ടിൽ ചടങ്ങിൽ പങ്കെടുക്കാൻ നിർബന്ധിച്ചു. അതിന് വഴങ്ങി അവിടെ പോയി. ചെറിയ ചടങ്ങ് അവിടെ നടക്കുന്നുണ്ടായിരുന്നു. ചെറിയ കുട്ടിയുടെ ഒന്നാം ജന്മദിനം എന്തോ ആയിരുന്നുവെന്നാണ് ഓർമ്മ. അതിനുശേഷം ശബരിമലയിലേക്ക് ഞാൻ പോയി. ഇന്നത്തെ തരത്തിൽ അല്ലല്ലോ അന്ന് ഞാനും പലരും പോറ്റിയെ കണ്ടിട്ടുള്ളത്. ശബരിമല സ്വാമിയുടെ ശരിയായ ഭക്തൻ എന്ന നിലയിലാണ് പോറ്റിയെ അന്ന് കണ്ടത്. അതുകൊണ്ടാണ് പോകാൻ ഇടയായത്. ഇല്ലെങ്കിൽ പോകുമായിരുന്നില്ല. ഇക്കാര്യം അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ടെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
അതുപോലെ ഉദാരമതികളായിട്ടുള്ള നല്ല മനുഷ്യരെ കണ്ടാൽ അവരോടെല്ലാം പാവപ്പെട്ട ആളുകൾക്ക് എന്തെങ്കിലും സഹായം നൽകണമെന്ന് പറയാറുണ്ട്. അത്തരത്തിൽ നല്ല മനുഷ്യരെ കണ്ടെത്തി വീടുകൾ വെച്ചുകൊടുക്കുകയും നിർമ്മാണ പ്രവൃത്തികൾ നടത്തിക്കുകയും ചെയ്തിട്ടുണ്ട്. എന്റെ ഭാഗ്യത്തിനാണെന്ന് തോന്നുന്നു, പോറ്റിയോ പോറ്റിയുമായി ബന്ധപ്പെട്ട ആരും തന്നെയോ എന്റെ മണ്ഡലത്തിനകത്ത് ഞാനുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള സ്പോൺസർഷിപ്പോ മറ്റൊരു കാര്യമോ ഉണ്ടായിട്ടില്ല. ഒരു ഗിഫ്റ്റും ഞാൻ എന്റെ ജീവിതത്തിൽ പോറ്റിയുടെ കൈയിൽ നിന്ന് വാങ്ങിയിട്ടില്ല. എസ്ഐടി അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ആ അന്വേഷണം പൂർത്തിയാകട്ടെ.
പ്രതിപക്ഷത്തിന് രാഷ്ട്രീയ താത്പ്പര്യമുണ്ട്. അവർ എല്ലാ കാലത്തും ഇരകളെ തേടുന്നവരാണ്. ഇരയെ മുൻനിർത്തി തങ്ങളുടെ രാഷ്ട്രീയ താത്പ്പര്യം നേടിയെടുക്കാൻ വേണ്ടിയുള്ള പരിശ്രമമാണ് പ്രതിപക്ഷത്തിന്റേത്, അതേസമയം ഉണ്ണികൃഷ്ണൻ പോറ്റിയുമൊത്തുള്ള ചിത്രം പുറത്തുവന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകാൻ അദ്ദേഹം തയ്യാറായില്ല.














































