കൊച്ചി: സിഎംആർഎൽ-എക്സാലോജിക് ഇടപാട് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപ്പട്ടികയിൽ ഉൾപ്പെടേണ്ട സാഹചര്യമുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. കരിമണൽ കമ്പനിയായ സിഎംആർഎല്ലിന് വഴിവിട്ട് സഹായങ്ങൾ ലഭിച്ചെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു.
‘ഒരു സേവനവും നൽകാതെ കരിമണൽ കമ്പനിയിൽനിന്ന് ബാങ്ക് വഴി കോടിക്കണക്കിന് രൂപ വാങ്ങി. അത് നിയമപരമായി കിട്ടാനുള്ള പണമാണെന്ന രീതിയിൽ കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചതാണ് ഇഡിയുടെ മുമ്പിലുള്ളത്. എന്നാൽ, എന്തിനുവേണ്ടി പണം കൊടുത്തു എന്നത് ഇപ്പോഴും വലിയ ചോദ്യമാണ്. അതിനെക്കുറിച്ച് അന്വേഷിക്കുമ്പോഴാണ് അഴിമതിയുടെ കാര്യങ്ങൾ വരുന്നത്. വീണാ വിജയന്റെ പിതാവായ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപ്പട്ടികയിലേക്ക് വരേണ്ട സാഹചര്യം ഉണ്ടാകുന്നത്. യഥാർത്ഥ സേവനം കിട്ടിയത് പിണറായി വിജയനിൽനിന്നാണ്. ഒരു കമ്പനി വഴിവിട്ട് കാര്യങ്ങൾ ചെയ്താൽ, കമ്പനി ഡയറക്ടറുടെ നടപടി നിയമവിരുദ്ധമാണെങ്കിൽ റെയ്ഡ് നടക്കേണ്ടത് അവർ ഔദ്യോഗികമായി നൽകിയിരിക്കുന്ന അഡ്രസിൽകൂടിയാണ്. എകെജി സെന്ററിൽ റെയ്ഡ് നടത്തിയാലും സഖാക്കൾക്ക് ഒന്നും പറയാൻ കഴിയില്ല’, മാത്യു കുഴൽനാടൻ പറഞ്ഞു.
അതേസമയം, കേസുമായി ബന്ധപ്പെട്ട് ടി. വീണയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമൻസ് നൽകിയിട്ടുണ്ട്. ചോദ്യംചെയ്യലിനായി വെള്ളിയാഴ്ച കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് നിർദേശം. വീണയ്‌ക്കൊപ്പം മറ്റ് എട്ട് പേർക്കും നോട്ടീസ് നൽകിയതായാണ് വിവരം. സിഎംആർഎല്ലുമായി ബന്ധപ്പെട്ട വ്യക്തികൾക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്.
നേരത്തെ നടത്തിയ പരിശോധനകളുടെയും റെയ്ഡുകളുടെയും ഭാഗമായി ചില ചോദ്യങ്ങൾക്ക് നൽകിയ മറുപടികളിൽ വ്യക്തതക്കുറവുണ്ടെന്ന നിലപാടിലായിരുന്നു ഇഡി. ഇതിന് പിന്നാലെയാണ് വീണയെ നേരിട്ട് ചോദ്യംചെയ്യാൻ വിളിച്ചുവരുത്തിയത്. കേസിൽ ആദ്യമായാണ് വീണ ഇഡിക്ക് മുന്നിൽ ഹാജരാകുന്നത്.
മുമ്പ് കേസിന്റെ ഭാഗമായി വീണയുടെ വസതിയിലും ഭർത്താവും മന്ത്രിയുമായ മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലുമടക്കം പരിശോധനകൾ നടന്നിരുന്നു. സിഎംആർഎൽ അധികൃതരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളും അന്വേഷണ ഏജൻസിയുടെ പരിശോധനാ പരിധിയിൽ ഉൾപ്പെട്ടിരുന്നു.

















































