ബംഗളൂരു: കോക്രോച്ച് ജനത പാർട്ടിയോടുള്ള എതിർപ്പിനെ തുടര്‍ന്ന് വീട്ടിൽനിന്ന് പാറ്റകളെ ഒരു കുപ്പിയിലാക്കി ഓഫിസിലേക്ക് കൊണ്ടുവന്ന് അടിച്ചുകൊന്ന് കർണാടക മാണ്ഡ്യയിലെ ബി.ജെ.പി പ്രവർത്തകർ. കുപ്പിതുറന്നപ്പോൾ പറന്നുപോയ പാറ്റകളെ ചൂലും ചെരിപ്പും ഉപയോഗിച്ചാണ് അടിച്ച് കൊന്നത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം ഉയരുന്നുണ്ട്. ‘കർണാടക ബിജെപി ഒട്ടും നിലവാരമില്ലാത്ത മണ്ടത്തരം കാണിച്ചിരിക്കുന്നു. ചില ബിജെപിക്കാർ വീട്ടിൽ നിന്ന് പാറ്റകളെ കുപ്പിയിൽ കൊണ്ടുവന്ന് ഓഫിൽ തുറന്നുവിട്ട് കൊല്ലുകയാണ്. പാറ്റകൾ ആരംഭിച്ചതല്ല കോക്രോച്ച് ജനതാ പാർട്ടിയെന്ന് ആരെങ്കിലും ഇവരോട് ഒന്ന് പറഞ്ഞുകൊടുക്കൂ’ -എന്നായിരുന്നു ഒരാളുടെ പ്രതികരണം.
അതിനിടെ, സമൂഹമാധ്യമങ്ങളിൽ ഇന്ത്യൻ യുവാക്കൾക്കിടയിൽ അതിവേഗം പ്രചരിക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി). നേരത്തെ, ഭൂരിഭാഗം ഫോളോവേഴ്‌സും പാകിസ്താനികളാണെന്ന ബി.ജെ.പി ആരോപണം കണക്കുകൾ നിരത്തി സ്ഥാപകൻ അഭിജീത്ത് ദിപ്കെ തള്ളിയിരുന്നു. പേജിന്റെ അനലിറ്റിക്‌സ് കാണിക്കുന്ന ഒരു സ്‌ക്രീൻ റെക്കോർഡിങ് അഭിജീത്ത് പുറത്തുവിടുകയും ചെയ്തു. പേജിന്റെ പ്രേക്ഷകരിൽ 94.7 ശതമാനവും ഇന്ത്യയിലാണ്.
യുണൈറ്റഡ് സ്റ്റേറ്റ്സ് ഒരു ശതമാനം മാത്രമാണ് പിന്തുടരുന്നത്, യു.കെയിൽ നിന്ന് 0.7 ശതമാനം. കാനഡ, യു.എ.ഇ എന്നിവിടങ്ങളിൽ നിന്ന് 0.6 ശതമാനം പ്രേക്ഷകരുമുണ്ട്.ഇന്ത്യൻ ഫോളോവേഴ്‌സിന്റെ ഏറ്റവും ഉയർന്ന പങ്ക് ഡൽഹിയിൽ നിന്നാണ്, 9.3 ശതമാനം, ബെംഗളൂരുവിൽ നിന്ന് 6.2 ശതമാനം, മുംബൈയിൽ നിന്ന് 5.1 ശതമാനം, കൊൽക്കത്തയിൽ നിന്ന് 4.5 ശതമാനം, പൂണെയിൽ നിന്ന് 2.5 ശതമാനം എന്നിങ്ങനെയാണെന്ന് അനലിറ്റിക്‌സിൽ കാണാം. പാകിസ്താനോ ബംഗ്ലാദേശോ ഈ ലിസ്റ്റിൽ ഇല്ല.
സി.ജെ.പിയുടെ ഭൂരിഭാഗം ഫോളോവേഴ്‌സും പാകിസ്താനികളും ബംഗ്ലാദേശികളുമാണ് എന്നായിരുന്നു ബി.ജെ.പി ആരോപണം. 49 ശതമാനം പാകിസ്താനികളും 14 ശതമാനം ബംഗ്ലാദേശികളുമാണ് എന്നായിരുന്നു ആരോപണം. അഭിജീത്ത് അക്കൗണ്ടിന്‍റെ ഡാറ്റ പുറത്തുവിട്ടതോടെ ഈ ആരോപണം പൊളിഞ്ഞു. ഇൻസ്റ്റയിൽ നിന്ന് നീക്കം ചെയ്യപ്പെട്ട സി.ജെ.പി അക്കൗണ്ട് തിരിച്ചുവന്നിട്ടുണ്ട്.






