രാജ്കോട്ട്: ഗുജറാത്തിലെ അമ്രേലി ജില്ലയിൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 40കാരനായ നിർമാണസ്ഥല സൂപ്പർവൈസർ അഞ്ച് വയസുകാരിയായ മകളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതായി പോലീസ്. കിഷോർ ധനക് ആണ് മകൾ ഹിമാൻഷിയെ കൊലപ്പെടുത്തിയ ശേഷം വീട്ടിനുള്ളിൽ തൂങ്ങി മരിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടുകളാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ബുധനാഴ്ച വീട്ടിൽ മകൾക്കൊപ്പമായിരുന്നു കിഷോർ ധനക്. ഇതിനിടെയാണ് കുട്ടിയെ കൈകൊണ്ട് വായും മൂക്കും മൂടി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. തുടർന്ന് കുട്ടിയുടെ മൃതദേഹം വീട്ടിലെ ഫ്രിഡ്ജിനുള്ളിൽ വയ്ക്കുകയായിരുന്നു. കിഷോർ കിടക്കയിൽ മൂന്ന് ആത്മഹത്യാക്കുറിപ്പുകൾ എഴുതിവെച്ചതായും പോലീസ് കണ്ടെത്തി. ഒന്നിൽ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും താൻ ചെയ്ത കാര്യങ്ങളുടെ കാരണങ്ങളെക്കുറിച്ചുമാണ് കുറിപ്പുകളിൽ പരാമർശിച്ചിരുന്നത്.
എഫ്ഐആർ പ്രകാരം കിഷോർ വ്യക്തിഗത വായ്പയെടുത്ത് നിർമാണവുമായി ബന്ധപ്പെട്ട ജോലികളിൽ പണം നിക്ഷേപിച്ചിരുന്നു. ബിസിനസ് പങ്കാളികളിൽനിന്ന് 7.25 ലക്ഷം രൂപ ലഭിക്കാനുണ്ടായിരുന്നെങ്കിലും പണം ലഭിച്ചിരുന്നില്ലെന്ന് ഭാര്യ മഞ്ജുബെൻ പോലീസിനോട് പറഞ്ഞു. പണം തീർന്നുപോയെന്നും സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് പുറത്തുകടക്കാൻ വഴിയൊന്നും കാണുന്നില്ലെന്നും ഒരു ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നതായി പോലീസ് പറഞ്ഞു.
തന്റെ മരണശേഷം മകൾ ദുരിതം അനുഭവിക്കേണ്ടിവരരുതെന്ന് കരുതിയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നും മറ്റൊരു കുറിപ്പിൽ കിഷോർ വ്യക്തമാക്കിയതായി പൊലീസ് അറിയിച്ചു. കൂടാതെ കുറിപ്പിൽ മാപ്പപേക്ഷിക്കുകയും കുട്ടിയുടെ മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് അറിയിക്കുകയും ചെയ്തു.
അതേസമയം സെപ്റ്റംബർ 14ന് കുട്ടിയുടെ അമ്മ മഞ്ജുബെൻ സ്വന്തം പിതാവിന്റെ വീട്ടിലേക്ക് പോയിരുന്നു. പിന്നീട് ഭർത്താവിനെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെയാണ് സംശയം തോന്നിയത്. തുടർന്ന് സഹോദരനോട് വീട്ടിലെത്തി പരിശോധിക്കാൻ ആവശ്യപ്പെട്ടു. വീട്ടിനുള്ളിൽ നിന്ന് പ്രതികരണമൊന്നും ലഭിക്കാതായതോടെ ബന്ധുക്കൾ വാതിൽ തകർത്താണ് അകത്ത് കടന്നത്. അപ്പോഴാണ് കിഷോറിനെ സീലിങ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മകളുടെ മൃതദേഹം ഫ്രിഡ്ജിനുള്ളിൽ കണ്ടെത്തിയത്.
സംഭവസ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയിൽ അസാധാരണമായ ചില ക്രമീകരണങ്ങളും കണ്ടെത്തി. മുറിയിൽ ബലൂണുകളും മെഴുകുതിരികളും ഉപയോഗിച്ച് അലങ്കരിച്ചിരുന്നതായി പൊലീസ് പറഞ്ഞു. കുട്ടിയെ വെള്ള വസ്ത്രം ധരിപ്പിക്കുകയും തലയിൽ ദുപ്പട്ട വയ്ക്കുകയും ചെയ്തിരുന്നു.
ഫ്രിഡ്ജിനുള്ളിൽ കുട്ടിയുടെ മൃതദേഹത്തോടൊപ്പം തലയണകളും വച്ചിരുന്നതായി ഇൻസ്പെക്ടർ പി. എൽ. ചൗധരി പറഞ്ഞു. കുട്ടിയുടെ ചുണ്ടുകളിൽ തുളസി ഇലകളും കണ്ടെത്തി. മുറിയിലും ഫ്രിഡ്ജിനുള്ളിലും ചോക്ലേറ്റുകളും സൂക്ഷിച്ചിരുന്നു. മുറിയിൽ വിഗ്രഹങ്ങളും കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ഇവിടെ പൂജ നടത്തിയിരുന്നതിന്റെ സൂചനകളും ലഭിച്ചതായി പോലീസ് പറഞ്ഞു.
ഫ്രിഡ്ജിന് മുകളിൽ “Happy Birthday Himanshi” എന്ന് എഴുതിയ ഒരു പേപ്പറും പോലീസ് കണ്ടെത്തി. എന്നാൽ ഹിമാൻഷിയുടെ ജന്മദിനമായിരുന്നില്ല സംഭവദിവസം. ഈ കുറിപ്പിന്റെയും മുറിയിലെ മറ്റ് ക്രമീകരണങ്ങളുടെയും ഉദ്ദേശ്യം സംബന്ധിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.




