കേരളത്തിൽ യുഡിഎഫ് തരംഗം ആഞ്ഞടിക്കുമ്പോൾ സിപിഎമ്മിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി കെ.കെ രമ. ടിപി ചന്ദ്രശേഖരൻ മരിച്ച് 14 വർഷങ്ങൾക്കിപ്പുറം അതേദിവസം ഇടതുകോട്ടകൾ തകർന്നടിയുമ്പോൾ ടിപിക്കായി കേരളം പ്രതികാരം ചെയ്തുവെന്ന് കെകെ രമ മാധ്യമങ്ങളോടു പറഞ്ഞു. ആ 51 വെട്ടിന് വടകരയുടെ മധുര പ്രതികാരമാണിതെന്നായിരുന്നു രമയുടെ പ്രതികരണം.
അതേസമയം ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ പിന്നിട്ട ആറ് റൗണ്ടുകൾ, മതി കേരളമേ! ഇതു മതി !! കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊളളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച കാണാൻ ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ചന്ദ്രശേഖരനു കഴിഞ്ഞു…രാഷ്ട്രീയ കേരളത്തിന് അഭിവാദ്യങ്ങൾ- എന്ന് കെകെ രമ കുറിച്ചു.
അതേസമയം വടകരയിൽ എൽഡിഎഫ് സ്ഥാനാർഥി എംകെ ഭാസ്കരനേക്കാൾ 12,966 വോട്ടിന്റെ ഭൂരിപക്ഷത്തിന് കെകെ രമ മുന്നിലാണ്. കെകെ രമ-62696,എംകെ ഭാസ്കരൻ- 49730 എന്നിങ്ങനെയാണ് ലീഡ് നില.



















































